ഗുരുവായൂർ: കേരള പൊലീസ് ആപ്പിൽ ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ മമ്മിയൂരിൽ. പൊലീസ് സേവനങ്ങൾ പൗരൻമാർക്ക് എളുപ്പത്തിൽ ലഭ്യമാക്കാൻ ആരംഭിച്ച പൊലീസ് ആപ്പിലാണ് ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് മമ്മിയൂർ കൈരളി ജംഗ്ഷനിലാണെന്ന് തെറ്റായ ലോക്കേഷൻ നൽകിയിരിക്കുന്നത്. കേരള പൊലീസിന്റെ വെബ് സൈറ്റിലും തെറ്റായ അഡ്രസ് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. തെക്കേനടയിൽ ശ്രീവത്സം ഗസ്റ്റ് ഹൗസിന് പുറകിൽ പ്രവർത്തിച്ചിരുന്ന പൊലീസ് സ്റ്റേഷൻ പുതുക്കി പണിയുന്ന സമയത്ത് താത്കാലികമായി മമ്മിയൂർ കൈരളി ജംഗ്ഷനിലെ ദേവസ്വം കെട്ടിടത്തിലേയ്ക്ക് മാറ്റിയിരുന്നു. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കി 2021 ജൂൺ 19 ന് പൊലീസ് സ്റ്റേഷന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവഹിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞ ഉടൻ തന്നെ സ്റ്റേഷന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേയ്ക്കും മാറ്റി. ഉദ്ഘാടനം കഴിഞ്ഞ് നാല് വർഷമായിട്ടും പൊലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ആപ്പിലും ഇപ്പോഴും പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത് മമ്മിയൂരിലാണ്. വകുപ്പ് നൽകുന്ന സേവനങ്ങൾ പൗരന്മാർക്ക് എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും പൊലീസ് ആപ്പിൽ പറയുന്നു. എന്നാൽ പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി നാല് വർഷമായിട്ടും അഡ്രസ്സ് പുതുക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |