കോട്ടയം : കോടികൾ ചെലവഴിച്ച് വാങ്ങിയ സർക്കാർ കൊയ്ത്ത് യന്ത്രങ്ങൾ തുരുമ്പെടുത്ത് നശിക്കുമ്പോൾ കർഷകർക്ക് ഇത്തവണയും ആശ്രയം അന്യസംസ്ഥാന യന്ത്രങ്ങൾ. അതും ഉയർന്ന നിരക്കാണ് ഈടാക്കുന്നത്. എന്നിട്ടും കിട്ടാനില്ല. ജില്ലയിൽ വിവിധയിടങ്ങളിൽ പുഞ്ചക്കൊയ്ത്ത് പുരോഗമിക്കുമ്പോഴാണിത്. നെല്ല് സംഭരണത്തിൽ സപ്ലൈകോയുടെ മെല്ലെപ്പോക്കിനൊപ്പം കൂടുതൽ കിഴിവ് ആവശ്യപ്പെട്ട് മില്ലുകൾ സമ്മർദ്ദം തുടരുന്നതും ഇരുട്ടടിയാണ്. വേനൽമഴ ശക്തിയാർജ്ജിച്ചാൽ കാര്യങ്ങൾ കുഴഞ്ഞുമറിയും. മുൻ വർഷങ്ങളെക്കാൾ ഇത്തവണ വിളവും കുറവാണ്. 12,000 ഹെക്ടറിലെ കൊയ്ത്താണ് നടക്കാനുള്ളത്. ഇതിനായി 200 കൊയ്ത്ത് യന്ത്രങ്ങൾ വേണം. നിലവിൽ ലഭ്യമായത് 40 യന്ത്രങ്ങളാണ്. കോട്ടയം, കൊച്ചി എന്നിവിടങ്ങളിലെ സ്വകാര്യമേഖലയിൽനിന്ന് 75 യന്ത്രങ്ങൾ എത്തിക്കാനാണ് ഇടനിലക്കാരുടെ നീക്കം. തമിഴ്‌നാട്ടിൽനിന്ന് 40 എണ്ണം എത്തുമെന്നാണ് പ്രതീക്ഷ. മുൻവർഷങ്ങളിൽ തമിഴ്‌നാട്ടിൽനിന്ന് 150 യന്ത്രങ്ങളാണ് എത്തിച്ചത്.
തുരുമ്പെടുക്കാനാണ് വിധി
ജില്ലാ പഞ്ചായത്തിന്റെയും കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റേയും (കെയ്‌കോ) കീഴിലുള്ള കൊയ്ത്ത് യന്ത്രങ്ങൾ കൊണ്ട് ക്ഷാമം മറികടക്കാൻ കഴിയുമായിരുന്നു. എന്നാൽ യന്ത്രങ്ങളേറെയും പ്രവർത്തനക്ഷമമല്ല. ജില്ലാ പഞ്ചായത്തിന് 28 യന്ത്രങ്ങളാണുള്ളത്. എട്ടെണ്ണം പ്രവർത്തനക്ഷമമാണെന്ന് അവകാശപ്പെടുമ്പോഴും ഒരു യന്ത്രം പോലും കർഷകർക്ക് പ്രയോജനപ്പെടുന്നില്ല. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാൽ കൃഷിവകുപ്പിന്റെ 12 യന്ത്രങ്ങൾ തുരുമ്പെടുത്തു. ഒരു യന്ത്രത്തിന്റെ വില 28 - 32 ലക്ഷം വരെയാണ്.
മണിക്കൂറിന് വാടക : 2100
ഉൾപ്രദേശങ്ങളിൽ : 2200
സർക്കാരിന് ഇടപെടാം
ഇടനിലക്കാരെ ഒഴിവാക്കാൻ കൃഷിവകുപ്പ് നേരിട്ട് യന്ത്രം എത്തിക്കണം
സർക്കാർ സംവിധാനമില്ലെങ്കിൽ പാടശേഖരസമിതിക്ക് ചുമതല നൽകാം
കൂലി ഏകീകരണം നടപ്പാക്കിയാൽ പോരാ, അമിത കൂലിക്കെതിരെ നടപടി വേണം
''സ്വകാര്യ ലോബിയെ സഹായിക്കാൻ ഉദ്യോഗസ്ഥർ നടത്തുന്ന നീക്കമാണ് പ്രതിസന്ധിയ്ക്ക് കാരണം. കൊയ്ത്ത് യന്ത്ര വാടക നിശ്ചയിച്ചാലും ഏജന്റുമാരുടെ ചൂഷണം അവസാനിക്കില്ല.
ശശീന്ദ്രൻ, കർഷകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |