പരിയാരം: കേരള സർക്കാർ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഗവ:മെഡിക്കൽ കോളേജ്, കണ്ണൂർ സംഘടിപ്പിച്ച ആരോഗ്യം ആനന്ദം; അകറ്റാം അർബുദം ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പയിൻ സമാപിച്ചു. ഫെബ്രുവരി നാലു മുതൽ ഇന്നലെ വരെ നടന്ന പരിശോധനയിൽ 2000 സ്ത്രീകൾ എത്തിച്ചേർന്നതായി പ്രിൻസിപ്പാൾ ഡോ.സൈറു ഫിലിപ്പും സൂപ്രണ്ട് ഡോ.കെ.സുദീപും അറിയിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ടാം നിലയിലുള്ള ഗൈനക്കോളജി ഒ .പിയിൽ സജ്ജമാക്കിയ കാൻസർ സ്ക്രീനിംഗ് സെന്ററിൽ സ്ഥാപനത്തിലെ ജീവനക്കാരികൾ ഉൾപ്പെടെ മുപ്പതു വയസിനു മുകളിലുള്ള നിരവധി സ്ത്രീകൾ സ്ക്രീനിംഗിൽ പങ്കാളികളായി. കൂടാതെ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട്, പരിയാരം പൊലീസ് സ്റ്റേഷൻ, ഉറുസുലിൻ സീനിയർ സെക്കൻഡറി സ്കൂൾ, എമ്പേറ്റ്,അരവഞ്ചാൽ, പിലാത്തറ, കുളപ്പുറം, മാട്ടൂൽ എന്നിവിടങ്ങളിലെ സന്നദ്ധ സംഘടനാ ഓഫീസുകൾ കേന്ദീകരിച്ചും സ്ത്രീകളിൽ ക്യാൻസർ സ്ക്രീനിംഗ് നടത്തി. സ്തനാർബുദം, ഗർഭാശയഗളാർബുദം തുടങ്ങിയവയുടെ പരിശോധനകളും രോഗനിർണയ നിർദേശങ്ങളും നൽകാൻ ക്യാമ്പ് സഹായകമായെന്ന് പ്രിൻസിപ്പാളും സൂപ്രണ്ടും വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |