വെഞ്ഞാറമൂട്: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ തെളിവെടുപ്പ് പൂർത്തിയാക്കി തിരികെ ജയിലിൽ എത്തിച്ചു. അഫാന്റെ പിതൃമാതാവ് സൽമാബീവിയുടെ കൊലപാതകത്തിൽ പാങ്ങോട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ തെളിവെടുപ്പാണ് കഴിഞ്ഞ രണ്ട് ദിവസമായി നടന്നത്. അഫാൻ ചുറ്റിക വാങ്ങിയ കട, സൽമാബീവിയുടെ മാല പണയം വച്ച സ്ഥാപനം, ചുറ്റിക വയ്ക്കാൻ ബാഗ് വാങ്ങിയ കട, പണം നിക്ഷേപിച്ച എ.ടി.എം എന്നിവിടങ്ങളിലും തെളിവെടുപ്പ് നടത്തിയിരുന്നു. കട ഉടമകളും പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരും പ്രതിയെ തിരിച്ചറിഞ്ഞു.
തെളിവെടുപ്പിനെത്തിച്ച സ്ഥലത്തെല്ലാം വൻ ജനക്കൂട്ടമുണ്ടായിരുന്നതിനാൽ വൻ പൊലീസ് സുരക്ഷയിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.
സംഭവ ദിവസം ഉച്ചക്ക് 12ഓടെ മാതാവുമായി വഴക്കിട്ട ശേഷം മാതാവിനെ ആക്രമിച്ചു കഴുത്തിൽ ഷാൾ മുറുക്കുകയായിരുന്നെന്ന് അഫാൻ മൊഴി നൽകി. മാതാവ് മരിച്ചെന്നു കരുതിയാണ് വീട് പൂട്ടി പണമിടപാട് സ്ഥാപനത്തിലെത്തി പൈസ കടം വാങ്ങിയത്. ശേഷം കടയിൽ നിന്നും ചുറ്റിക വാങ്ങി നേരെ പാങ്ങോടെത്തി പിതൃമാതാവ് സൽമാ ബീവിയെ കൊലപ്പെടുത്തി. ഇതിനുശേഷം സൽമാ ബീവിയിൽ നിന്ന് മോഷ്ടിച്ച മാല തിരികെ പണമിടപാട് സ്ഥാപനത്തിൽ ഏൽപ്പിച്ചെന്നും അഫാൻ നൽകിയ മൊഴിയിലുണ്ട്.
ആദ്യ കൊലയ്ക്കു പോകുന്നതിനു മുമ്പ് മാതാവിന്റെ കഴുത്ത് ഞെരിച്ചിരുന്നു. ഈ സമയം തല ചുമരിൽ ഇടിച്ചിരുന്നുവെന്നും അഫാൻ പറഞ്ഞു. തിരികെ വീട്ടിൽ എത്തിയപ്പോൾ മാതാവ് മരിച്ചിട്ടുണ്ടായിരുന്നില്ല. വീടിന്റെ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ മാതാവ് നിലത്തുകിടന്ന് കരയുന്നത് കണ്ടു. പിന്നീട് വീണ്ടും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു മരണം ഉറപ്പാക്കിയെന്നും അഫാൻ വിശദീകരിച്ചു. തടിച്ചുകൂടിയ ജനങ്ങൾക്കിടയിലൂടെ യാതൊരു ഭാവഭേദവുമില്ലാതെയാണ് അഫാൻ കടന്നുപോയത്. സൽമാബീവിയെ കൊന്ന രീതി പൊലീസിന് ഒരു ഭാവമാറ്റവുമില്ലാതെ അഫാൻ വിവരിച്ചു നൽകി.
അഫാന്റെ കസ്റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതിനാൽ ഉച്ചയോടെ നെടുമങ്ങാട് മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കി. പ്രതിയുടെ പിതൃ സഹോദരനെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിൽ വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ കസ്റ്റഡി അപേക്ഷ കോടതി സ്വീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച കസ്റ്റഡിയിൽ വിട്ടേക്കും. തുടർന്ന് ഇതിലെ തെളിവെടുപ്പ് ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |