കണ്ണൂർ: മയക്കുമരുന്ന് വ്യാപനം തടയിടാൻ പൊലീസ് നടത്തുന്ന ഓപ്പറേഷൻ ഡി ഹണ്ടിൽ രണ്ടുദിവസത്തിനുള്ളിൽ പിടിയിലായത് ഏഴുപേർ. ഏറ്റവുമൊടുവിൽ വെള്ളിയാഴ്ച അർദ്ധരാത്രിയോടെ നാല് ഗ്രാം എം.ഡി.എം.എയും അൻപത് ഗ്രാം കഞ്ചാവുമായി താവക്കര സ്വദേശി നിഹാദ് മുഹമ്മദ് (31) പാപ്പിനിശ്ശേരി സ്വദേശിനി അനാമിക (26)എന്നിവരാണ് പിടിയിലായത്.
കണ്ണൂർ കാപിറ്റൽ മാളിന് സമീപം മുഴത്തടം റോഡിൽ പ്രവർത്തിക്കുന്ന കണ്ണൂർ കാപ്പിറ്റൽ ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന് വില്പന നടത്താനെത്തിയതായിരുന്നു ഇരുവരും.ലോഡ്ജുകളിൽ നടത്തിയ പരിശോധനയിയ്ക്കിടെ നേരത്തെ മയക്കുമരുന്ന് കേസിൽ പ്രതികളായ ഇരുവരുടേയും പേരുകൾ രജിസ്റ്ററിൽ കണ്ടതിനെ തുടർന്ന് പൊലീസ് മുറി പരിശോധിക്കുകയായിരുന്നു. പൊലീസിനെക്കണ്ട് ഇറങ്ങി ഒാടാൻ ശ്രമിച്ച നിഹാദിന്റെ കീശയിൽ നിന്ന് നാല് ഗ്രാം എംഡിഎംഎ യും യുവതിയിൽ നിന്ന് 50 ഗ്രാം കഞ്ചാവും കണ്ടെത്തുകയായിരുന്നു. മയക്കുമരുന്ന് കാരിയർമാരായ ഇരുവരും പൊലീസ് നിരീക്ഷണത്തിലുമായിരുന്നു. മട്ടന്നൂർ, വളപട്ടണം, കണ്ണൂർ എന്നിവിടങ്ങളിൽ മൂന്ന് കേസുകളിലെ പ്രതിയായ നിഹാദ് കാപ്പാ കേസിൽ ഉൾപ്പെട്ട് നേരത്തെ ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയും സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് ഇരുവരെയും പിടികൂടിയത്.
ഗായികയായി തുടക്കം
ലഹരിവലയിൽ കുരുങ്ങി.
പിടിയിലായ അനാമിക മികച്ച ഗായികയായിരുന്നു. നാല് വർഷമായുള്ള ലഹരി ഉപയോഗം യുവതിയുടെ വലിയ കാരിയറിനെ നശിപ്പിക്കുകയായിരുന്നു. മദ്യത്തിൽ തുടങ്ങി കഞ്ചാവിലേക്കും സിന്തറ്റിക്ക് ഡ്രഗ്സിലും ഇവർ എത്തിപ്പെടുകയായിരുന്നു. വിവിധ സ്റ്റേഷനുകളിലായി ഒട്ടേറെ മയക്കുമരുന്ന് കേസ് ഈ ഇരുപത്തിയാറുകാരിക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.
താഴേചൊവ്വയ്ക്കടുത്തും രണ്ടുപേർ പിടിയിൽ
താഴെചൊവ്വക്കടുത്ത് പുൽക്കോം പാലത്തിന് സമീപം വാഹന പരിശോധനയ്ക്കിടെ 4.54 ഗ്രാം കഞ്ചാവുമായി താഴെ ചൊവ്വയിലെ ടി.കെ സവാദിനെയും (24) ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ചൊവ്വ പാതിരിപറമ്പിലെ ടി.എം. അർജുനെയും (24) ടൗൺ എസ്.ഐ പി.വിനോദ്കുമാറും സംഘവും പിടികൂടി. വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച സവാദിനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ഇതിന് തൊട്ടുപിന്നാലെ താഴെ ചൊവ്വ ജംഗ്ഷനിൽ വച്ച് പൊലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് അർജുനെ പിടികൂടിയത്. ഇയാളുടെ ബാഗിനകത്ത് സൂക്ഷിച്ച 8.97 ഗ്രാം കഞ്ചാവും പിടികൂടി.
അണ്ടിപ്പരിപ്പിൽ ഒളിപ്പിച്ച എം.ഡി.എം.എ കണ്ടെടുത്തു
ചാലോട് കൂടാളിയിൽ അണ്ടിപ്പരിപ്പ് കച്ചവടത്തിന്റെ മറവിൽ എം.ഡി.എം.എയുമായി എടയന്നൂർ സ്വദേശി സി അഷ്റഫിനെയും പൊലീസ് പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അണ്ടിപ്പരിപ്പ് സൂക്ഷിച്ച പാത്രത്തിൽ നിന്നും 3.55 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. മട്ടന്നൂർ എസ്.ഐ സി പി.അനീഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്നും മയക്കുമരുന്ന് കച്ചവടത്തിലൂടെ സ്വരൂപിച്ച പണവും കണ്ടെടുത്തു.
നാറാത്തും നിന്നും പിടിച്ചത് മുന്തിയ ലഹരി
കഴിഞ്ഞ ദിവസം മയ്യിൽ നാറാത്ത് നിന്നും പൂട്ടി കിടക്കുന്ന വീട്ടിൽ വൻ ലഹരിവേട്ടയും നടത്തിയിരുന്നു. മെത്തഫിറ്റമിൻ, എൽ.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് ഹൈബ്രിഡ് കഞ്ചാവ് എന്നിങ്ങനെയുള്ള ലഹരി വസ്തുക്കളാണ് മുഹമ്മദ് ഷെഹീൻ യുസഫ്, മുഹമ്മദ് സിറാജ് എന്നിവരിൽ നിന്നും പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |