ശിവഗിരി: ശ്രീനാരായണഗുരുദേവന്റെയും മഹാത്മാഗാന്ധിയുടെയും മഹത് സംഗമത്തിന്റെ ശതാബ്‌ദി ധന്യതയിലാണ് ശിവഗിരി തുരപ്പിന് മുകളിലുള്ള വനജാക്ഷി മന്ദിരം. 1925 മാർച്ച് 12നായിരുന്നു (കൊല്ലവർഷം 1100 കുംഭം 28) സംഗമം. ഗാന്ധ്യാശ്രമമെന്നും ഇവിടം അറിയപ്പെട്ടു. മന്ദിരത്തിന്റെ ഹാളിലെ ഖദർ വിരിപ്പണിഞ്ഞ പുൽപ്പായയിലായിരുന്നു ഗുരുദേവനും ഗാന്ധിജിയുമിരുന്നത്.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിന്റെ സംരക്ഷണത്തിലുള്ള വനജാക്ഷി മന്ദിരം സംസ്ഥാന പുരാവസ്തു വകുപ്പ് 50 ലക്ഷം രൂപയ്‌ക്ക് നവീകരിച്ചിരുന്നു. ഹരിപ്പാട് മുട്ടത്തെ ആലുമൂട്ടിൽ കുടുംബത്തിന്റെ കാരണവരായിരുന്ന എം.കെ. ഗോവിന്ദദാസാണ് മകളുടെ പേരിൽ മന്ദിരം നിർമ്മിച്ചത്. ഗുരുദേവന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ആശ്രിതനായിരുന്ന ചെരുകുന്നം പുതുവൽവിള വീട്ടിൽ മീരാൻപിള്ളയാണ് 30 സെന്റ് ഭൂമി ഗോവിന്ദദാസിന് വിലയ്‌ക്ക് നൽകിയത്. ഇവിടെയാണ് വീടു പണിത് ഗോവിന്ദദാസും കുടുംബവും താമസിച്ചത്. 15-ാം വയസിൽ മകൾ മരിച്ചതോടെ ഗോവിന്ദദാസ് വനജാക്ഷിമന്ദിരം ഗുരുദേവന് കാണിക്കയായി നൽകി. മകളുടെ സ്മാരകമായി ശിവഗിരിയിൽ ശാരദാമഠത്തിന് വടക്കുവശത്തായി വനജാക്ഷിമണ്ഡപവും ഗോവിന്ദദാസ് നിർമ്മിച്ചിരുന്നു. ഇവിടെയായിരുന്നു ഗുരുദേവന്റെ ഭൗതികശരീരം പൊതുദർശനത്തിനു വച്ചത്.
വർക്കലയിൽ ആദ്യമായി ഗവ. ആയുർവേദ ആശുപത്രിയും ഇവിടെ പ്രവർത്തിച്ചിരുന്നു. പാർലമെന്റിലെ ആദ്യ പ്രതിപക്ഷനേതായിരുന്ന എ.കെ. ഗോപാലൻ ചികിത്സയ്ക്കും വിശ്രമത്തിനുമായി കുടുംബത്തോടൊപ്പം വനജാക്ഷിമന്ദിരത്തിൽ താമസിച്ചിട്ടുണ്ട്. ശിവഗിരി തീർത്ഥാടനത്തിന് തലശേരിയിൽ നിന്നെത്തുന്ന ഭക്തർക്ക് ഇവിടെ താമസസൗകര്യവുമൊരുക്കിയിരുന്നു. വനജാക്ഷി മന്ദിരത്തോടു ചേർന്നിപ്പോൾ ശിവഗിരിമാസികയുടെ പ്രസുണ്ട്.
മ്യൂസിയമായി സംരക്ഷിക്കും: സ്വാമി സച്ചിദാനന്ദ
വനജാക്ഷിമന്ദിരം ചരിത്രസ്മാരകമായി സംരക്ഷിക്കുന്നതിനുള്ള കരുതൽ ശിവഗിരി മഠത്തിനുണ്ടെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. സന്ദർശനത്തിന്റെ മുഹൂർത്തങ്ങൾ വരച്ച് കൂടിക്കാഴ്ച നടന്ന ഹാളിൽ പ്രദർശിപ്പിക്കുന്നതിനും മ്യൂസിയമായി ഒരുക്കുന്നതിനുമുള്ള തയ്യാറെടുപ്പിലാണെന്നും സ്വാമി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |