മാന്നാർ : മനസിനെയും ശരീരത്തെയും നിർമ്മലമാക്കുന്ന റംസാൻ വ്രതത്തിന്റെ വിശുദ്ധനാളുകളിൽ നോമ്പു പോലെ തന്നെ പ്രാധാന്യമുള്ളതാണ് നോമ്പുതുറയും. നോമ്പുതുറയെന്ന ഇഫ്ത്താറിന്റെ തീൻമേശയിൽ പുത്തൻ വിഭവങ്ങൾ ഏറെ കടന്നു വന്നെങ്കിലും ഇന്നും പത്തര മാറ്റിന്റെ തിളക്കത്തിലാണ് അരിപ്പത്തിരി.
ചില സ്ഥലങ്ങളിൽ ഇതിന് ഒറോട്ടിയെന്ന വിളിപ്പേരുമുണ്ട്. പേരുപോലെ തന്നെ അരിപ്പൊടിയിലാണ് പത്തിരിയുടെ നിർമ്മാണം. പഴയ കാലങ്ങളിൽ റംസാനിലും ഈദ് രാവുകളിലും സ്ത്രീകൾ കൂട്ടമായിരുന്ന് പലകയിൽ പരത്തിയെടുത്ത് ചട്ടിയിൽ ചുട്ടെടുക്കുന്നത് ഒരു ആഘോഷമായിരുന്നു. ഇന്ന് മാവ് കുഴച്ചും പരത്തിയും ചുട്ടും തരുന്ന മെഷീനുകൾ എല്ലായിടത്തും എത്തിയതോടെ സ്ത്രീകളുടെ ജോലി ഭാരവും കുറഞ്ഞു.
റംസാൻ എത്തിയതോടെ, മാന്നാറിലെ ആദ്യ പത്തിരിക്കമ്പനിയുടെ സ്ഥാപകൻ അൽനൂർ കാറ്ററിംഗ് ഉടമ നാഥംപറമ്പിൽ ഫിറോസിനെത്തേടി ആവശ്യക്കാരേറെ എത്താൻ തുടങ്ങി. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഫിറോസ് പതിനാറ് വർഷം മുമ്പാണ് കോയമ്പത്തൂരിൽ നിന്ന് പത്തിരി മെഷീൻ എത്തിച്ച് നിർമ്മാണം ആരംഭിച്ചത്. ശുദ്ധമായ അരിപ്പൊടി കൊണ്ട് നിർമ്മിക്കുന്ന പത്തിരിയുടെ മൃദുലതയും രുചിയും ഒന്നരപ്പതിറ്റാണ്ട് പിന്നിടുമ്പോഴും അതേപടി നിലനിർത്താൻ കഴിയുന്നുവെന്നതാണ് ഫിറോസിന്റെ വിജയരഹസ്യം. മെഷീനിലാണ് നിർമ്മാണമെങ്കിലും അടുക്കി എണ്ണിത്തിട്ടപ്പെടുത്തി ആവശ്യാനുസരണം ഉപഭോക്താക്കൾക്ക് പൊതിഞ്ഞ് നൽകാൻ ഒരു വനിതാംസംഘം തന്നെ ഫിറോസിനൊപ്പമുണ്ട്.
പത്തിരിക്ക് പുറമേ മലബാർ വിഭവങ്ങളായ ചട്ടിപ്പത്തിരി, ഇറച്ചിപ്പത്തിരി, കായ്പോള, ഏലാഞ്ചി എന്നിവയോടൊപ്പം കട്ലറ്റ്, സമൂസ എന്നിവയും ഇവിടെയുണ്ട്. പട്ടരുമഠത്തിൽ കല്യാണിയും, കവറാട്ട് ഇന്ദിരാമ്മയും പുത്തൻപുരയിൽ ഹൗലത്തും ലൈലാ ബീവിയുമുൾപ്പെട്ട ഇരുപതോളം ജോലിക്കാരാണ് അതിരാവിലെ മുതൽ ഇതിന്റെ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത്. ലാഭത്തെക്കാളുപരി ഇരുപതിലധികം കുടുംബങ്ങൾക്ക് അത്താണിയാകുവാൻ കഴിയുന്നതിലുള്ള സന്തോഷമാണ് തനിക്കുള്ളതെന്ന് മാന്നാർ അറേബ്യൻ ഗ്രിൽസ് ഭക്ഷണശാലയുടെ ഉടമ കൂടിയായ ഫിറോസ് പറഞ്ഞു. ഭാര്യ ഷൈലാ ബീവിയും മക്കളായ ആമിനയും ആയിഷയും അൽഅമീനും ഫിറോസിന് കരുത്ത് പകർന്ന് ഒപ്പമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |