ആലത്തൂർ: കുടിവെള്ള പദ്ധതികളുണ്ടെങ്കിലും ദാഹജലത്തിനായി നെട്ടോട്ടമോടി ആദിവാസി കുടുംബാംഗങ്ങൾ. മംഗലം ഡാം കടപ്പാറ മൂർത്തിക്കുന്നിലെ ആദിവാസി കുടുംബങ്ങൾക്കാണ് ഈ ദുർഗതി. ജില്ലാ പഞ്ചായത്തിന്റെയും ആദിവാസികൾ സ്വന്തം ചെലവിലും കുഴിച്ച രണ്ട് കുഴൽകിണറുകളുണ്ട് പ്രദേശത്ത്. രണ്ടിലും വെള്ളമുണ്ടെങ്കിലും കടപ്പാറയിലെ 50തോളം കുടുംബങ്ങൾക്ക് കുടിവെള്ളത്തിനായി തോട്ടിലെ നീരുറവതേടി പോകേണ്ട സ്ഥിതിയാണ്. 2013ൽ ജില്ലാപഞ്ചായത്ത് നടപ്പാക്കിയ കുടിവെള്ള പദ്ധതിയിൽ നിന്ന് രണ്ടുവർഷം ജലവിതരണം നടന്നെങ്കിലും തകരാറിനെ തുടർന്ന് മുടങ്ങി. പരാതി പറഞ്ഞ്
മടുത്തതിനെ തുടർന്ന് രണ്ടുവർഷം മുമ്പ് മൂർത്തിക്കുന്നിലെ ആദിവാസി കുടുംബങ്ങൾ സ്വന്തംചെലവിൽ തുറന്ന കിണർ കുഴിച്ചു. മോട്ടോർ വെക്കുന്നതിനായി വൈദ്യുതി കണക്ഷൻ ലഭിക്കാത്തതിനാൽ ഇതിൽ നിന്നും വെള്ളമെടുക്കാനായില്ല. കുറച്ചുകുടുംബങ്ങൾ സ്വന്തമായി കുഴൽക്കിണർ കുഴിച്ച് വെള്ള പ്രശ്നത്തിന് പരിഹാരം കണ്ടു. മറ്റുള്ളവരെല്ലാം കടപ്പാറതോട്ടിലെ കുഴിയിൽ പൈപ്പിട്ടാണ് വെള്ളമെടുക്കുന്നത്. മഴക്കാലത്ത് തോട്ടിൽ സുലഭമായി വെള്ളമുള്ളതിനാൽ പ്രയാസം നേരിടാറില്ല.
വേനൽക്കാലത്ത് കുഴികളിൽ തങ്ങിനിൽക്കുന്ന വെള്ളമാണ് ആശ്രയം. ഒരുകുഴി വറ്റുമ്പോൾ അടുത്ത കുഴിതേടി തോടിന്റെ മുകളിലേക്ക് പോകും. നിലവിൽ ഒരുകിലോമീറ്ററോളം മുകളിലുള്ള കുഴിയിൽ നിന്നാണ് മൂർത്തിക്കുന്നിലെ കുടുംബങ്ങൾ വെള്ളമെടുക്കുന്നത്. വേനൽ കടുക്കുന്ന ഏപ്രിൽ, മേയ് മാസങ്ങളിൽ വെള്ളംകിട്ടുമോ എന്ന ആശങ്കയിലാണ് കുടുംബങ്ങൾ.
തിപ്പിലിക്കയം ഭാഗത്തെത്തുന്ന സന്ദർശകർ തോട്ടിൽ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും കവറുകളും വലിച്ചെറിയുന്നതിനാൽ കുടിവെള്ളം മലിനമാകുന്നുണ്ട്.
വാസു ഭാസ്‌കരൻ, മൂർത്തിക്കുന്ന് ആദിവാസി ഊരിലെ മൂപ്പൻ.
കടപ്പാറയിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി പദ്ധതി വെച്ചിട്ടുണ്ട്. നടപടി വേഗം പൂർത്തിയാക്കി കുടിവെള്ളപദ്ധതി ആരംഭിക്കും.
കെ.എൽ.രമേഷ്, വണ്ടാഴി പഞ്ചായത്ത് പ്രസിഡന്റ്.
ടാങ്കറിൽ കുടിവെള്ളമെത്തിക്കേണ്ട സ്ഥലങ്ങൾ കണ്ടെത്താൻ നിർദ്ദേശം
ടാങ്കർ ലോറിയിൽ വെള്ളം എത്തിക്കേണ്ടിവരുന്ന സ്ഥലങ്ങൾ കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങൾക്കു സർക്കാർ നിർദ്ദേശം നൽകി. വെള്ളം വിതരണം ചെയ്യുന്നതിനു തനത് ഫണ്ടിൽനിന്നോ പദ്ധതി വിഹിതത്തിൽ നിന്നോ തുക ചെലഴിക്കാൻ പ്രത്യേകാനുമതിയും നൽകി.മാർച്ച് 31 വരെ കോർപ്പറേഷനുകളിൽ 17 ലക്ഷം രൂപയും നഗരസഭകളിൽ 12 ലക്ഷം രൂപയും പഞ്ചായത്തുകളിൽ ആറുലക്ഷം രൂപയും ചെലഴിക്കാം. ഏപ്രിൽ ഒന്നുമുതൽ മേയ് 31വരെ കോർപ്പറേഷനുകളിൽ 22 ലക്ഷം രൂപയും നഗരസഭകളിൽ 17 ലക്ഷം രൂപയും ഗ്രാമപ്പഞ്ചായത്തുകളിൽ 12 ലക്ഷം രൂപയും ചെവഴിക്കാനുള്ള അനുമതിയും തദ്ദേശസ്ഥാപനവകുപ്പ് നൽകിയിട്ടുണ്ട്.
റവന്യൂ വകുപ്പോ ജലവിഭവ വകുപ്പോ വിവിധ പദ്ധതികളിലൂടെ ടാങ്കർ വെള്ളം വിതരണം ചെയ്യുന്ന ഇടങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾ വെള്ളം വിതരണം ചെയ്യേണ്ടതില്ല. ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയുടെ തീരുമാനപ്രകാരമാണ് ഇത്തരത്തിൽ ജലവിതരണം നടത്തുക. കുടിവെള്ളം വിതരണം ചെയ്യുന്ന വാഹനങ്ങളിൽ ജി.പി.എസ് ഘടിപ്പിക്കും. തദ്ദേശസ്ഥാപന പ്രിൻസിപ്പൽ ഡയറക്ടർ പദ്ധതി നേരിട്ട് വിലയിരുത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |