രാവിലെ 10.19 നും 11.30 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ മുഖ്യദേവതകളുടെ തിരുമുടികൾ നിവരും
തൃക്കരിപ്പൂർ:ഉത്തരകേരളത്തിലെ തീയ്യസമുദായത്തിന്റെ കഴകങ്ങളിൽ പ്രധാനപ്പെട്ടതിൽ ഒന്നായ തൃക്കരിപ്പൂർ ശ്രീ രാമവില്ല്യം കഴകത്തിൽ കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ പ്രധാന ആരാധനാമൂർത്തികളായ പടക്കത്തി ഭഗവതിയുടെയും ആര്യക്കര ഭഗവതിയുടേയും തിരുമുടികൾ ഇന്ന് ഉയരും.രാവിലെ ശ്രീ മണക്കാട്ട് തറവാട്ടിൽ നിന്നുള്ള കലശം വരവിന് പിന്നാലെയാണ് ഭഗവതിമാരുടെ തിരുമുടികൾ ഉയരുക.
പ്രധാന ദേവിമാരുടെ പുറപ്പാടിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ ആയിരകണക്കിന് ഭക്തരാണ് ഇന്നലെ രാത്രി തോറ്റങ്ങളും വെള്ളാട്ടവും ദർശിക്കാൻ കഴകത്തിലേക്ക് ഒഴുകിയെത്തിയത്. ഇന്ന് പുലർച്ചെ മുതൽ വിവിധ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും. തുടർന്ന് രാവിലെ മണക്കാട്ട് തറവാട്ടിൽ നിന്നുള്ള കലശം എഴുന്നള്ളത്തിനൊപ്പം അഞ്ച് ഉപക്ഷേത്രത്തിൽ നിന്നുള്ള നൂറിലേറെ മംഗലം കുഞ്ഞുങ്ങൾ ക്ഷേത്രത്തെ വലംവെയ്ക്കും
രാവിലെ 10.19 നും 11.30 നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ പടക്കത്തി ഭഗവതിയുടെയും ആര്യക്കര ഭഗവതിയുടെയും തിരുമുടികൾ നിവരും. തെക്കുംകര ബാബു കർണ്ണമൂർത്തി പടക്കത്തി ഭഗവതിയുടെയും പ്രതീഷ് മണക്കാടൻ ആര്യക്കര ഭഗവതിയുടെയും തിരുമുടിയേന്തും. ഇന്നലെ വൈകിട്ട് കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ വടക്കൻ കൊവ്വൽ ഭഗവതി ക്ഷേത്രം നിന്ന് ഭഗവതിമാരുടെ 18 തിരുവായുധങ്ങൾ ക്ഷേത്ര സന്നിധിയിൽ എത്തിച്ചു. കഴകം സ്ഥാനികൾ ഏറ്റുവാങ്ങി പള്ളിയറയിൽ സൂക്ഷിച്ചു.
പെരുങ്കളിയാട്ടത്തിന്റെ സമാപന സമ്മേളനം ഇന്നലെ വൈകിട്ട് ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഗോകുലം ഗോപാലൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ.വി.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.പി.പി മുസ്തഫ, ടി.വി. ഷിബിൻ, കഴകം വൈസ് പ്രസിഡന്റ് കെ.വി.അമ്പുകുഞ്ഞി, ഡോ.കെ.സുധാകരൻ, വി.സുധാകരൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ പി.വി.കണ്ണൻ സ്വാഗതവും കഴകം ജോയിന്റ് സെക്രട്ടറി എം.കെ.അനിൽ കുമാർ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |