ഇലന്തൂർ : കൊട്ടും, പാട്ടും കുരവയുമായി ഇലന്തൂരിന്റെ പടേനിക്കാലം ആറാംരാവിലേക്ക്. കാച്ചികൊട്ടിയ തപ്പിൽ നിന്നുയർന്ന ശുദ്ധതാളത്തിന്റെ മേളത്തിനൊത്ത് ദേവതമാർ ഓരോന്നായി കളത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. അഞ്ചാം പടേനിരാവിൽ കിഴക്ക് തേവർ നടയിൽ നിന്ന് കത്തിപ്പടർന്ന ചൂട്ടിന്റെ പ്രഭാപൂരത്തിൽ വാദ്യമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയിൽ എത്തിയ കോലങ്ങളെ കളത്തിലേക്ക് ആനയിച്ചു. ശിവകോലം, പിശാച്, മറുത, സുന്ദരയക്ഷി, പക്ഷി, കാലൻ, ഭൈരവി എന്നീ കോലങ്ങളോടൊപ്പം എത്തിയ എരിനാഗ യക്ഷിയും, അന്തരയക്ഷി യും ഭാവതീവ്രതയിൽ വേറിട്ടു നിന്നു.
പടേനിക്കാലത്തിന്റെ ആറാംരാവായ ഇന്ന് കൂട്ടക്കോലങ്ങളോടൊപ്പം രുദ്രമറുത എത്തും. ഒറ്റപ്പാളയിൽ എഴുതി മുഖത്ത് കരിയും, കണ്ണും കുറിയുമായി ഒരു കൈയിൽ വാളും മറുകൈയിൽ പന്തവുമായി അരയിൽ ഇലഞ്ഞി തുപ്പും നീണ്ടു ചുരുണ്ടമുടിയുമായി അലറിപ്പാഞ്ഞുവരുന്ന ഈ മറുതാക്കോലം ഭയഭക്തി സമ്മിശ്രമായ വികാരമാണ് കരവാസികൾക്ക് ഉണ്ടാകുന്നത്. നാളെ ഏഴാംപടയണി രാവിൽ ഭൈരവി കോലങ്ങളിൽ ഏറെ പ്രാധാന്യം ഉള്ള നിണഭൈരവി കളത്തിലെത്തും.
ഇലന്തൂരിൽ ഇന്ന് :
9ന് കുങ്കുമാഭിഷേകം
8ന് ഭക്തിഗാനസുധ
11ന് പടയണി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |