പരോളും മറ്റ് ഇളവുകളും 25 വർഷത്തിനുശേഷം
നെയ്യാറ്റിൻകര: മാറനല്ലൂർ കുക്കിരിപ്പറ ഇരട്ടക്കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു.മാറനല്ലൂർ മൂലക്കോണം വീട്ടിൽ അരുൺ രാജിനെയാണ് (32,പ്രകാശ്) നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ കോടതി ജഡ്ജി എ.എം.ബഷീർ ശിക്ഷിച്ചത്. 25 വർഷം കഴിഞ്ഞു മാത്രമേ പരോളും മറ്റ് ഇളവുകളും പരിഗണിക്കാവൂവെന്നും വിധിയിൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. മാറനല്ലൂർ മൂലക്കോണം ഇളംപ്ലാവിള വീട്ടിൽ സന്തോഷ് (42,ചപ്പാത്തി സന്തോഷ്), സുഹൃത്ത് സജീഷ് (39,പക്രു) എന്നിവരെ കൊലപ്പെടുത്തിയ കേസിലായിരുന്നു വിധി.
2021 ആഗസ്റ്റ് 14നായിരുന്നു സംഭവം. മാറനല്ലൂരിൽ പ്രവർത്തിച്ചിരുന്ന പാറ ക്വാറിക്കെതിരെ അരുൺരാജിന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായ ക്വാറിയുടെ നടത്തിപ്പുകാരൻകൂടിയായ സന്തോഷ് അരുൺരാജിനെ മർദ്ദിച്ചു. മാസങ്ങൾക്കു ശേഷം സന്തോഷിന്റെ വീട്ടിൽ വച്ചുനടത്തിയ മദ്യസത്കാരത്തിൽ അരുൺരാജും പങ്കെടുത്തു.ഇതുകഴിഞ്ഞ് മറ്റുള്ളവർ പോകുന്നതുവരെ കാത്തുനിന്ന അരുൺരാജ് സന്തോഷിന്റെ വീട്ടുമുറ്റത്തുണ്ടായിരുന്ന പാറ തുരക്കുന്ന ജാക് ഹാമറിലെ കമ്പികൊണ്ട് ആദ്യം സജീഷിനെയും പിന്നീട് സന്തോഷിനെയും പുറംതലയ്ക്ക് അടിച്ചുവീഴ്ത്തി.
നിലത്തുനിന്ന് എഴുന്നേൽക്കാൻ ശ്രമിച്ച സന്തോഷിനെ കൈയിൽകരുതിയ വടിവാൾ കൊണ്ട് പുറംകഴുത്തിൽ വെട്ടുകയായിരുന്നു.കൊലപാതകത്തിനുശേഷം ആത്മഹത്യ ചെയ്യാൻ ശ്രമിച്ചെങ്കിലും പിന്നീട് വടിവാളും രക്തം പുരണ്ട വസ്ത്രങ്ങളും മറവുചെയ്ത ശേഷം മാറനല്ലൂർ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. തുടർന്നുനടന്ന തെളിവെടുപ്പിൽ ആയുധവും വസ്ത്രവും പൊലീസ് കണ്ടെത്തിയിരുന്നു.
മാറനല്ലൂർ എസ്.എച്ച്.ഒമാരായ രഞ്ജിത് കുമാർ ജെ.ആർ, തൻസീം അബ്ദുൾ സമദ് എന്നിവരാണ് കേസന്വേഷണത്തിന് നേതൃത്വം നൽകിയത്. പ്രോസിക്ക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ.അജികുമാർ,അഡ്വ.മഞ്ജിത എന്നിവർ കോടതിയിൽ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |