കോട്ടയം : ജില്ലയിൽ മൂന്നു തദ്ദേശ സ്ഥാപനങ്ങളിൽ നിന്നായി ഹരിതകർമ്മ സേനാംഗങ്ങൾ നീക്കം ചെയ്തത് 11 ടൺ ഇ-മാലിന്യം. ചങ്ങനാശേരി, വൈക്കം നഗരസഭകളിൽ നിന്ന് മൂന്നു ടൺ വീതവും കുറിച്ചി ഗ്രാമപഞ്ചായത്തിൽ നിന്ന് അഞ്ച് ടണ്ണും നീക്കം ചെയ്തു. തദ്ദേശവകുപ്പ്, ശുചിത്വമിഷൻ, ക്ലീൻ കേരള കമ്പനി എന്നിവർ സംയുക്തമായാണ് ഇ - വേസ്റ്റ് കളക്ഷൻ ഡ്രൈവ് സംഘടിപ്പിക്കുന്നത്. എൽ.സി.ഡി, എൽ.ഇ.ഡി ടെലിവിഷനുകൾ, റഫ്രിജറേറ്ററുകൾ, വാഷിംഗ് മെഷീനുകൾ, മൈക്രോവേവ് ഓവനുകൾ, ഇൻഡക്ഷൻ കുക്കറുകൾ, വാട്ടർ കൂളർ, ലാപ്‌ടോപ് തുടങ്ങി 44 ഇനങ്ങളാണ് ശേഖരിക്കുന്നത്. ഓരോന്നിനും തൂക്കം കണക്കാക്കിയാണ് വില നൽകുന്നത്. സി.എഫ്.എൽ ലാമ്പുകൾ, ട്യൂബ് ലൈറ്റുകൾ, മാഗ്‌നെറ്റിക് ടേപ്പ്, ഫ്‌ളോപ്പി, ലൈറ്റ് ഫിറ്റിംഗ്‌സ് തുടങ്ങിയ ആപത്കരമാലിന്യങ്ങൾക്ക് വില ലഭിക്കില്ല. ഇവ ശേഖരിച്ച് കൊണ്ടുപോകുന്നതിന് തദ്ദേശസ്ഥാപനങ്ങൾ ക്ലീൻ കേരള കമ്പനിക്ക് പണം നൽകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |