ഇസ്‌ലാമാബാദ്: ചാമ്പ്യൻസ് ട്രോഫി പരമ്പരയുടെ ഇത്തവണത്തെ ആതിഥേയർ പാകിസ്ഥാനായിരുന്നു. പരമ്പരയിൽ പങ്കെടുക്കേണ്ട ഇന്ത്യ പാകിസ്ഥാനിലേക്ക് വരില്ലെന്ന് തീരുമാനിച്ചതുമുതൽ ഇത്തവണ ചാമ്പ്യൻസ് ട്രോഫി വാർത്തകളിൽ നിറഞ്ഞിരുന്നു. ഇതിന് പിറകെ മത്സരത്തിന്റെ ആദ്യ സ്റ്റേജിൽതന്നെ പാകിസ്ഥാൻ പുറത്താകുകയും ചെയ്‌തതോടെ ടീമിന്റെ മോശം പ്രകടനത്തെ നായകനും കോച്ചും കളിക്കാരുമെല്ലാം ന്യായീകരിക്കാൻ ശ്രമിച്ചിരുന്നു. ഇപ്പോഴിതാ പാകിസ്ഥാൻ ക്രിക്കറ്റിലെ പരിശീലകൻ അക്വിബ് ജാവേദും മുൻ പരിശീലകൻ ജേസൺ ഗില്ലസ്‌പിയും തമ്മിലെ തർക്കത്തെ കുറിച്ച് പ്രതികരിക്കുകയാണ് മുൻ പരിശീലകനായ മിക്കി ആർതർ.
പഴയകാല ഓസ്‌ട്രേലിയൻ താരമായ മിക്കി ആർതർ 2016 മുതൽ 2019 വരെ പാകിസ്ഥാന്റെ പരിശീലകനായിരുന്നു. മുൻ പരിശീലകന്റെയും നിലവിലെ പരിശീലകന്റെയും വഴക്കിൽ മിക്കി പറയുന്നത് ഇങ്ങനെ. 'ഗില്ലസ്‌പി പറഞ്ഞത് സത്യത്തിൽ എനിക്കിഷ്‌ടപ്പെട്ടു. പാകിസ്ഥാൻ ക്രിക്കറ്റിൽ വളരെയേറെ മികച്ച കളിക്കാരുണ്ട്. ധാരാളം യുവ പ്രതിഭകൾ അവിടെയുണ്ട് അവർക്ക് വലിയ കഴിവുമുണ്ട്.എന്നിട്ടും അവരിപ്പോൾ വലിയ കുഴപ്പത്തിലാണ്. ഇത് ശരിക്കും നിരാശാജനകമാണ്. പാകിസ്ഥാൻ ക്രിക്കറ്റ് സ്വന്തം കാലിൽ വെടിവയ്‌ക്കുന്നതുപോലെയാണിത്.'
പാകിസ്ഥാൻ ചാമ്പ്യൻസ് ട്രോഫിയിൽ നിന്നും നേരത്തെ പുറത്തായതിനെക്കുറിച്ച് അക്വിബ് ജാവേദിന്റെ ന്യായീകരണം ഇങ്ങനെയായിരുന്നു. 'കഴിഞ്ഞ രണ്ടര വർഷത്തിനിടെ ഞങ്ങൾ 16 പരിശീലകരെയും 26 കോച്ചിംഗ് സ്‌റ്റാഫുകളെയും മാറ്റി. ലോകത്തിലെ ഏത് ടീമിലും ഇതുപോലെ ചെയ്‌താൽ അവരുടെ പ്രകടനം ഇങ്ങനെ തന്നെയായിരിക്കും.' അതേസമയം വളരെ പരുഷമായിട്ടായിരുന്നു ഇതിന് ജേസൺ ഗില്ലസ്‌പി മറുപടി പറഞ്ഞത്. 'ഇത് വളരെ തമാശയാണ്, എല്ലാ ഫോർമാറ്റിലും പരിശീലകനാകാൻ വേണ്ടി പ്രചാരണം നടത്തി എന്നെയും ഗാരിയെയും (ഗാരി ക്രിസ്‌റ്റ്യൻ) പിന്നണിയിൽ ദുർബലപ്പെടുത്തിയയാളാണ് അക്വിബ്. അയാളൊരു കോമാളിയാണ്.'
ഇന്ത്യയ്‌ക്ക് ലോകകപ്പ് നേടിത്തന്ന മികച്ച കോച്ചായിരുന്നു മുൻ ദക്ഷിണാഫ്രിക്കൻ താരമായ ഗാരി ക്രിസ്‌റ്റ്യൻ. രണ്ടുവട്ടം ലോകകപ്പ് നേടിയ ഓസ്‌ട്രേലിയൻ ടീമംഗമായിരുന്നു ജേസൺ ഗില്ലസ്‌പി. മികച്ച അവസരം പാകിസ്ഥാനിലുണ്ടായിട്ടും അതിനെ നിരന്തരം ദുർബലപ്പെടുത്തുകയും മാദ്ധ്യമങ്ങളിൽ വാർത്തകൾ വരികയും ചെയ്യുന്ന സാഹചര്യം ഉണ്ടായി. അതിനാൽ ഗില്ലസ്‌പിയോടും ഗാരിയോടും സഹതാപമുണ്ടെന്ന് മിക്കി ആർതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |