കൊച്ചി: ഒ.ബി.സി. സംവരണം സമൂലം അട്ടിമറിച്ച് സംസ്ഥാന കോ-ഓപ്പറേറ്റീവ് യൂണിയന്റെ സഹകരണ കോളേജുകളിൽ ജെ.ഡി.സി. പ്രവേശനം. പ്രൊഫഷണൽ കോളേജുകളിൽ 30 ശതമാനവും റെഗുലർ കോളേജുകളിൽ 20 ശതമാനവും പിന്നാക്ക സംവരണം നൽകുമ്പോൾ സഹകരണ കോളേജുകളിൽ കേവലം 5 ശതമാനം മാത്രമാണ് ഒ.ബി.സി. സംവരണം. എന്നാൽ മുന്നാക്ക സാമ്പത്തിക സംവരണം പത്ത് ശതമാനവുമുണ്ട്.
ജനസംഖ്യയിൽ 40 ശതമാനത്തിലേറെയുള്ള പിന്നാക്കക്കാർക്ക് 5 ശതമാനം മാത്രം സംവരണം നൽകുന്ന അന്യായം ഇതുവരെ ആരുടെയും ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. സംസ്ഥാന സർക്കാരിന് കീഴിൽ സംസ്ഥാന കോ-ഓപ്പറേറ്റീവ് യൂണിയൻ നടത്തുന്ന സഹകരണ കോളേജുകളിൽ ജെ.ഡി.സി., എച്ച്.ഡി.സി., ബി.എം. കോഴ്സുകളാണുള്ളത്. സഹകരണ വകുപ്പിലെയും സ്ഥാപനങ്ങളിലെയും നിയമനങ്ങൾക്ക് വേണ്ട നിർബന്ധിത യോഗ്യതയാണ് ഈ കോഴ്സുകൾ.സംസ്ഥാനമെമ്പാടുമായി 20 കോളേജുകളാണ് യൂണിയൻ നടത്തുന്നത്. ജെ.ഡി.സിക്ക് മൊത്തം 2123 സീറ്റുകളുണ്ട്. ഇതിൽ 320 എണ്ണം പട്ടിക വിഭാഗങ്ങൾക്ക് മാത്രം അഡ്മിഷൻ നൽകുന്ന നാല് കോളേജുകളിലേതാണ്. എച്ച്.ഡി.സിക്ക് 120 സീറ്റുകളുണ്ട്. ഇപ്പോൾ അപേക്ഷ
ക്ഷണിച്ചിട്ടുള്ളത് ജെ.ഡി.സിക്ക് മാത്രമാണ്. മാർച്ച് 31 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
കേരള സഹകരണ സൊസൈറ്റീസ് ആക്ട് പ്രകാരം 1970ൽ സംസ്ഥാന സർക്കാർ സ്ഥാപിച്ചതാണ് സംസ്ഥാന -കോഓപ്പറേറ്റീവ് യൂണിയൻ. സഹകരണ വിദ്യാഭ്യാസം, പരിശീലനം, സഹകരണ സ്ഥാപനങ്ങളുടെ പുരോഗതിക്ക് വേണ്ട സഹായം തുടങ്ങിയവയാണ് ലക്ഷ്യം. ഈ രംഗത്തെ രാജ്യത്തെ പ്രഥമ സ്ഥാപനം.
സംവരണ ശതമാനം
• പട്ടികജാതി : 8
• പട്ടിക വർഗം : 2
• മുന്നാക്കം : 10
• ഒ.ബി.സി. : 5
• ഡി.സി.പി.പാസ് : 5
• വിമുക്തഭടൻ: 5
മുൻകാലങ്ങളിലെ വ്യവസ്ഥകൾ പ്രോസ്പെക്ടസിൽ തുടർന്നെന്നേയുള്ളൂ. ഇക്കാര്യം ആരും ശ്രദ്ധയിൽപ്പെടുത്തിയില്ല. സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി വേണ്ട നടപടികളെടുക്കും.
കോലിയക്കോട് കൃഷ്ണൻനായർ
ചെയർമാൻ, സംസ്ഥാന സഹകരണ യൂണിയൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |