തൃശൂർ: പ്രഖ്യാപിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും കോർപ്പറേഷൻ പരിധിയിലെ വഴിയോര കച്ചവടക്കാർക്ക് തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യാതെ കോർപറേഷൻ. കാർഡില്ലാത്തതിനാൽ ബാങ്ക് വായ്പ പോലുള്ള പല സഹായങ്ങളും മുടങ്ങുകയാണെന്നും പരാതി. കാർഡ് വിതരണത്തിനായി പല തീയതികളും അറിയിച്ചെങ്കിലും ഇതുവരെ ലഭ്യമായിട്ടില്ല. ഈ മാസം കാർഡ് വിതരണം ചെയ്തില്ലെങ്കിൽ പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ് വഴിയോര കച്ചവട തൊഴിലാളി യൂണിയൻ (ഐ.എൻ.ടി.യു.സി). 2016-17 ൽ ആണ് തൃശൂർ കോർപറേഷൻ ആദ്യമായി വഴിയോര കച്ചവടക്കാരുടെ സർവേ നടത്തിയത്. ഈ പട്ടിക റദ്ദാക്കി 2021ൽ മറ്റൊരു പട്ടിക തയാറാക്കി. അതുപ്രകാരമാണ് 2022ൽ തൊഴിലാളികളുടെ വെന്റിംഗ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് നടത്തിയത്. അനർഹരെയടക്കം കുത്തിക്കയറ്റിയായിരുന്നു തെരഞ്ഞെടുപ്പെന്ന് ആരോപണമുണ്ട്.
പുനരധിവസിപ്പിച്ചത് 224 പേരെ മാത്രം
കോർപറേഷൻ നടത്തിയ പരിശോധനകളിൽ 1550 പേരെയാണ് വഴിയോര കച്ചവടക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. പട്ടാളം റോഡിലെ 224 പേരെയാണ് ശക്തനിൽ നിർമ്മിച്ച ഗോൾഡൻ മാർക്കറ്റിലേക്ക് പുനരധിവസിപ്പിച്ചത്. എന്നാൽ ഇവിടെ കച്ചവടം ദുരിതത്തിലാണെന്ന് പലരും ചൂണ്ടിക്കാട്ടി. അടുത്ത ഘട്ടമായി എം.ഒ റോഡിലെയും സ്വരാജ് റൗണ്ടിലേയും 64 പേരിൽ 48 പേരെ കൂടി ഇവിടേക്ക് മാറ്റാനുള്ള നടപടികളാണ് കോർപറേഷൻ നടത്തുന്നത്. എം.ഒ റോഡ്, സ്വരാജ് റൗണ്ട് എന്നിവിടങ്ങളിലെ വഴിയോര കച്ചവടക്കാരെ ജയ് ഹിന്ദ് മാർക്കറ്റിലേയ്ക്ക് പുന:രധിവസിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. റൗണ്ടിലെ ലോട്ടറി കച്ചവടക്കാരെ മാറ്റരുതെന്നും സംഘടന ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ കെ.കെ. മോഹനൻ, എം.എസ്. ഷാനവാസ്, കെ.എച്ച്. അബൂബക്കർ, എം.ഐ. ജയശ്രീ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
കാർഡ് വിതരണത്തിന്റെ പേരിൽ നടക്കുന്നത് വ്യാപക പണപിരിവാണ്. ഇത്തരക്കാരെ സഹായിക്കാൻ തിരിച്ചറിയൽ കാർഡ് വിതരണം കോർപറേഷൻ നീട്ടിക്കൊണ്ടുപോവുകയാണ്.
വി.എ. ഷംസുദ്ദീൻ
വഴിയോര കച്ചവട തൊഴിലാളി യൂണിയൻ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |