ന്യൂയോർക്ക്: വിമാനയാത്രക്കിടെ യുവതി വസ്ത്രമുരിഞ്ഞ് പൂർണ നഗ്നയായി. നൂൽബന്ധം പോലും ഇല്ലാതെ അരമണിക്കൂറോളം വിമാനത്തിൽ നടന്ന യുവതി മറ്റ് യാത്രക്കാർക്ക് പൊതുശല്യമായതാേടെ വിമാനം തിരിച്ചിറക്കേണ്ടിയും വന്നു. അമേരിക്കയിലെ സൗത്ത് വെസ്റ്റ് എയർലെൻസിന്റെ വിമാനത്തിലാണ് സംഭവവികാസങ്ങൾ അരങ്ങേറിയത്.
ഹൂസ്റ്റണിലെ വില്യം പി ഹോബി വിമാനത്താവളത്തിൽ നിന്ന് ഫിനിക്സിലേക്ക് പോവുകയായിരുന്നു വിമാനം. പ്രശ്നമൊന്നുമില്ലാതെ സീറ്റിലിരുന്ന യുവതി യാത്രാമദ്ധ്യേയാണ് പൊടുന്നനെ പ്രകോപനമൊന്നുമില്ലാതെ തുണിയുരിഞ്ഞത്. സ്ത്രീകളും പുരുഷന്മാരും കുട്ടികളും ഉൾപ്പെടെയുള്ള യാത്രക്കാർ ഇതുകണ്ട് അമ്പരന്നു. വസ്ത്രം ധരിക്കാൻ വിമാനജീവനക്കാർ ആവശ്യപ്പെട്ടെങ്കിലും യുവതി അതൊന്നും കാര്യമാക്കിയില്ല. ഇതിനിടെ യുവതി വിമാനത്തിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയും ചെയ്തു.
നടക്കുന്നതിനിടെ വിമാനത്തിൽ നിന്ന് തന്നെ ഇറക്കിവിടാൻ ഇടയ്ക്കിടെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. തനിക്ക് ബൈപോളാർ രോഗമാണെന്നും യുവതി പറയുന്നുണ്ടായിരുന്നു. ഇതിനിടെ യുവതി കോക്‌പിറ്റിലേക്ക് കടക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെയാണ് വിമാനം തിരിച്ചിറക്കാൻ തീരുമാനിച്ചത്. ഹൂസ്റ്റണിൽ ഇറങ്ങിയ ഉടനെ യുവതിയെ പൊലീസിന് കൈമാറി. യുവതിയെ മെഡിക്കൽ പരിശോധനകൾക്ക് വിധേയമാക്കിയാതി അധികൃതർ പറഞ്ഞു.
സംഭവത്തിൽ സൗത്ത് വെസ്റ്റ് എയർലെൻസ് യാത്രക്കാരോട് മാപ്പുചോദിച്ചു. അസുഖകരമായ ഇത്തരമൊരു അവസ്ഥ ഉണ്ടായതിനും യാത്രയിൽ ഇടയ്ക്കുവച്ച് തടസം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നു എന്നുമാണ് കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. യുവതിക്കെതിരെ എന്തെങ്കിലും നിയമനടപടികൾ ഉണ്ടാവുമോ എന്ന് വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |