കൊച്ചി: എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കേസിനും റെയ്ഡിനും പിന്നാലെ എസ്.ഡി.പി.ഐയുടെ പ്രവർത്തനങ്ങൾ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അന്വേഷിച്ചേക്കും. നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഒഫ് ഇന്ത്യ (പി.എഫ്.ഐ)യ്‌ക്ക് സമാനമായ പ്രവർത്തനങ്ങൾ രാഷ്ട്രീയപാർട്ടിയായ എസ്.ഡി.പി.ഐയും നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്.
പി.എഫ്.ഐക്കെതിരെ ഡൽഹിയിലും കൊച്ചിയിലുമുൾപ്പെടെ രജിസ്റ്റർ ചെയ്‌ത കേസുകളുമായി ബന്ധിപ്പിച്ചാകും എസ്.ഡി.പി.ഐയിലേക്കും അന്വേഷണമുണ്ടാവുക. 2020 ഡിസംബറിലും തുടർന്നും വിവിധ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡുകളിൽ പി.എഫ്.ഐയും എസ്.ഡി.പി.ഐയും തമ്മിലുള്ള ബന്ധം വ്യക്തമാകുന്ന രേഖകൾ പിടിച്ചെടുത്തിരുന്നു. എസ്.ഡി.പി.ഐയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പി.എഫ്.ഐ പങ്ക്വഹിച്ചതായും കണ്ടെത്തി.
പി.എഫ്.ഐയെ നിരോധിക്കാൻ കാരണമായ ദേശവിരുദ്ധ,ഭീകരപ്രവർത്തനം എസ്.ഡി.പി.ഐ നേതാക്കൾക്കെതിരെയും ചുമത്താൻ കഴിയുമോയെന്ന് നിയമോപദേശം സ്വീകരിച്ചാകും എൻ.ഐ.എ തീരുമാനമെടുക്കുക. പി.എഫ്.ഐക്കെതിരെ കേസെടുത്ത് നേതാക്കളെ അറസ്റ്റു ചെയ്ത ഡൽഹിയിലെ കേന്ദ്ര യൂണിറ്റിനാകും അന്വേഷണ ചുമതല ലഭിക്കുക.അതേസമയം, എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ ഫൈസിയെ ഡൽഹിയിൽ അറസ്റ്റു ചെയ്‌തതിരുന്നു.
പൂർണ ഇസ്ളാമിക
പ്രസ്ഥാനം
കോഴിക്കോട്ടെ പി.എഫ്.ഐ ഓഫീസിൽ നിന്ന് ഇ.ഡി പിടിച്ചെടുത്ത രേഖകളിൽ എല്ലാ അർത്ഥത്തിലും ഇസ്ളാമിക പ്രസ്ഥാനമാണ് എസ്.ഡി.പി.ഐയെന്ന് വിവരിക്കുന്നുണ്ട്. 'ശാരീരികവും പ്രക്ഷോഭപരവും നിയമപരവും ആശയപരവുമായ പ്രതിരോധം തീർക്കുന്ന ജിഹാദാണ്" ലക്ഷ്യമെന്നും പറയുന്നു. പാർട്ടിയും അനുബന്ധ സംഘടനകളും ലക്ഷ്യം കൈവരിക്കാനുള്ള വഴികളാണ്. പുറമെ സാമൂഹികപ്രസ്ഥാനമെന്ന് പറയുമെങ്കിലും സംഘടന ഇസ്ളാമികമാണെന്നും രേഖയിൽ പറയുന്നു.
പി.എഫ്.ഐ വിദേശത്തു നിന്നുൾപ്പെടെ ശേഖരിച്ച പണം എസ്.ഡി.പി.ഐ നേതാക്കൾക്കും ലഭിച്ചതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. 4.07 കോടി പി.എഫ്.ഐ സംശകരമായ ആവശ്യങ്ങൾക്കായി എസ്.ഡി.പി.ഐക്ക് കൈമാറിയിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |