തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ ഇ.ഡി കണ്ടുകെട്ടിയ സ്വത്ത് വിറ്റ് പണം നിക്ഷേപകർക്ക് നൽകണമന്ന നിർദ്ദേശം സി.പി.എമ്മിന് തിരിച്ചടി. സി.പി.എമ്മിന്റെ സ്ഥലവുമുള്ളതിനാൽ വിൽക്കേണ്ടി വന്നാൽ നാണക്കേടാകും. ബാങ്കിൽ ഈട് വച്ച് വായ്‌പയെടുത്തവർ കുടിശിക വരുത്തിയതിനാലാണ് സ്ഥലം വിറ്റ് നിക്ഷേപകർക്ക് പണം കൊടുക്കണമെന്ന് ഇ.ഡി നിർദ്ദേശിച്ചത്. സി.പി.എം കരുവന്നൂർ ലോക്കൽ കമ്മിറ്റിയുടെ 10 ലക്ഷം വില വരുന്ന ഭൂമിയാണ് ഇത്തരത്തിൽ കണ്ടുകെട്ടിയിരിക്കുന്നത്. എല്ലാ ഭൂമിയും ലേലം ചെയ്യാൻ തീരുമാനിച്ചാൽ പാർട്ടിയുടെ ഭൂമിയും ലേലം ചെയ്യേണ്ടി വരും. കേസിൽ പ്രതികളായ 53 പേരുടെ 128 കോടി വിലവരുന്ന വസ്തുക്കളാണ് ഇ.ഡി കണ്ടുകെട്ടിയത്. ഇതിൽ രണ്ടു കോടിയുടെ പണവും വാഹനങ്ങളുമാണ്. ബാക്കിയുള്ളവയാണ് സ്ഥലങ്ങൾ. പാർട്ടിയുടെ സ്ഥലം വിൽപ്പന നടത്താതിരിക്കാൻ സി.പി.എം അപ്പലേറ്റ് ട്രൈബൂണലിനെ സമീപിച്ചെങ്കിലും ഫലം കണ്ടില്ല.
പാർട്ടി സ്ഥലം കണ്ടുകെട്ടുന്നത് സംബന്ധിച്ച് ഹൈക്കോടതിയെ സമീപിക്കും. കോടതിയിൽ നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ.
കെ.വി. അബ്ദുൾ ഖാദർ
സി.പി.എം ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |