ആലപ്പുഴ: തെരുവു നായ്ക്കളുടെ വന്ധ്യംകരണത്തിനായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കണിച്ചുകുളങ്ങര മൃഗാശുപത്രിക്ക് സമീപം ആരംഭിക്കുന്ന അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) സെന്റർ ഉദ്ഘാടന സജ്ജമായി.
കേന്ദ്ര സർട്ടിഫിക്കേഷൻ നേടിയ ജില്ലയിലെ ആദ്യത്തെ എ.ബി.സി സെന്ററാണിത്. സെന്ററിന് ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യയുടെ (എ.ഡബ്ല്യു.ബി.ഐ.) അംഗീകാരം ലഭിച്ചു. എ.ഡബ്ല്യു.ബി.ഐ. ഇൻസ്പെക്ഷൻ ടീം അംഗങ്ങൾ ജനുവരിയിൽ സെന്ററിലെത്തി പരിശോധന നടത്തി സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു.
ദിവസം 10ശസ്ത്രക്രിയകൾ നടത്താനുള്ള സജ്ജീകരണങ്ങൾ കേന്ദ്രത്തിലുണ്ട്. ഐ.എം.എ ഗോസ് ഇക്കോ ഫ്രണ്ട് ലിയുമായി (ഐ.എം.എ.ജി.ഇ) സഹകരിച്ചാണ് സെന്ററിലെ ബയോമെഡിക്കൽ മാലിന്യങ്ങൾ നിർമ്മാർജ്ജനം ചെയ്യുക. ഒരു വെറ്ററിനറി സർജൻ, നാല് മൃഗപരിപാലകർ, ഒരു തീയേറ്റർ സഹായി, ഒരു ശുചീകരണ തൊഴിലാളി, നായപിടുത്ത സംഘം എന്നിവരെ സെന്റർ പ്രവർത്തനങ്ങൾക്കായി നിയമിച്ചു. അതിരാവിലെയും വൈകിട്ടുമാണ് തെരുവുനായ്ക്കളെ പിടികൂടുക. ശസ്ത്രക്രിയക്കുശേഷം ആൺ നായ്ക്കളെ നാലുദിവസവും പെൺ നായ്ക്കളെ അഞ്ചുദിവസവും നിരീക്ഷണത്തിൽ പാർപ്പിക്കും. ഇവയ്ക്കുള്ള ആന്റിബയോട്ടിക് ചികിത്സയും ഭക്ഷണവും സെന്ററിൽ നൽകും.
ജില്ലാ പഞ്ചായത്തിന്റെ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 38.24ലക്ഷം രൂപ ചെലവഴിച്ചാണ് സെന്റർ നിർമ്മിച്ചത്. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.വി.സുജയ്ക്കാണ് നിർവഹണച്ചുമതല. കണിച്ചുകുളങ്ങര മൃഗാശുപത്രി സീനിയർ വെറ്ററിനറി സർജൻ മേരി ലിസിയാണ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് നേതൃത്വം നൽകിയത്.
പ്രധാന കെട്ടിടം
840 ചതുരശ്ര അടി
നായ്ക്കളെപാർപ്പിക്കാനുള്ള കൂടുകൾ
50
കേന്ദ്ര അംഗീകാരം ലഭിച്ച ജില്ലയിലെ ആദ്യ എ.ബി.സി സെന്റർ
ശസ്ത്രക്രിയ നടത്താനുള്ള തിയേറ്റർ
പ്രീ ആൻഡ് പോസ്റ്റ് ഓപ്പറേറ്റീവ് മുറികൾ
ജീവനക്കാർക്കുള്ള മുറി,അടുക്കള
എ.ബി.സി ഓഫീസ്, സ്റ്റോർ
മാലിന്യ നിർമ്മാർജന സൗകര്യം
കണിച്ചുകുളങ്ങരയിലെ എ.ബി.സി സെന്ററിന്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിക്കും. സെന്റർ പ്രവർത്തനസജ്ജമാക്കുന്നതോടെ നിർവഹണച്ചുമതല കഞ്ഞിക്കുഴി ബ്ലോക്കിന് കൈമാറും
- കെ.ജി.രാജേശ്വരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
എ.ഡബ്ല്യു.ബി.ഐ അംഗീകാരം ലഭിച്ചതോടെ ഉദ്ഘാടനത്തിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ആലപ്പുഴ സീവ്യൂ വാർഡിലെ എ.ബി.സി എ.ബി.സി സെന്ററിന്റെ 90 ശതമാനം പ്രവൃത്തികളും പൂർത്തിയായിട്ടുണ്ട്
- ബിനു ഐസക് രാജു, ജില്ലാ പഞ്ചായത്ത് വികസന സ്ഥിരംസമിതി അദ്ധ്യക്ഷ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |