ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്‌സിൽ ഇടം നേടി പത്ത് വയസുകാരൻ
തലയോലപ്പറമ്പ്: ദിനോസറുകളെ വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്‌സിൽ ഇടംനേടി വൈക്കം ബ്രഹ്‌മമംഗലം സ്വദേശിയായ പത്ത് വയസുകാരൻ. ബ്രഹ്മമംഗലം എച്ച്.എസ്.എസ് ആൻഡ് വി.എച്ച്.എസ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ഇഷാൻമേച്ചേരിയാണ് 24 മിനിറ്റുകൊണ്ട് വ്യത്യസ്ഥങ്ങളായ 25 ദിനോസറുകളുടെ തല ഭാഗം പേപ്പറിൽ പെൻസിൽ ഉപയോഗിച്ച് വരച്ച് വിസ്മയമായത്. നിശ്ചിത സമയത്തിനകം ചരിത്രാതീത കാലത്തെ ജീവികളെ കൃത്യതയോടെ വരച്ച് അവതരിപ്പിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി എന്ന നേട്ടത്തോടെയാണ് ഇഷാൻ ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്‌സിൽ ഇടംനേടിയത്. ജനുവരി 15 നാണ് ഇത് സംബന്ധിച്ച് അറിയിപ്പ് വന്നത്. ജനുവരി 30 ന് അധികൃതർ വീഡിയോ പരിശോധന പൂർത്തികരിച്ച് കഴിഞ്ഞ മാസം 19നാണ് റെക്കോഡ് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച ഇന്ത്യ ബുക്ക് ഓഫ് റെക്കാഡ്‌സിന്റെ സർട്ടിഫിക്കറ്റും മെഡലും ഇഷാന് ലഭിച്ചു.
ചെമ്പ് ഗ്രാമപഞ്ചായത്ത് അംഗം റെജിമേച്ചേരിയുടെയും സർവ്വ ശിക്ഷാ അഭിയാൻകോട്ടയം ജില്ലാ പ്രോഗ്രാം ഓഫീസർ ധന്യാ പി.വാസുവിന്റെയും മകനാണ് ഇഷാൻ.
ദിനോസറുകൾ, പുരാതന സമുദ്രജീവികൾ, മറ്റ് പുരാതന മൃഗങ്ങൾ എന്നിവയുൾപ്പെടെ നാനൂറിലധികം ചരിത്രാതീത ജീവികളുടെ ആവാസ വ്യവസ്ഥകൾ, കാലഘട്ടങ്ങൾ, സവിശേഷതകൾ എന്നിവയെക്കുറിച്ചുള്ള ഇഷാന് വിശദമായ അറിവുണ്ട്.കൂടാതെ സസ്യഭുക്കുകൾ, മാംസഭോജികൾ, സർവഭോജികൾ എന്നിവയുടെ ഭക്ഷണശീലങ്ങളെക്കുറിച്ചും പല്ലുകളുടെ ഘടന, നഖങ്ങൾ, ശരീര പൊരുത്തപ്പെടുത്തലുകൾ, പ്രതിരോധ സംവിധാനങ്ങൾ തുടങ്ങിയ സങ്കീർണ്ണമായ ശാരീരിക സവിശേഷതകളെക്കുറിച്ചും ഇഷാനറിയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |