ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ ഭാഗ്യമാണ് ഗായകൻ എംജി ശ്രീകുമാറെന്ന് ഭാര്യ ലേഖ ശ്രീകുമാർ. തന്റെ ജീവിതത്തെപ്പറ്റി പലയാളുകളും ഗോസിപ്പുകൾ പറഞ്ഞ് നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ മോശം കമന്റുകൾ പറയുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ലേഖ വ്യക്തമാക്കി. സ്വന്തം മകളുടെ ജീവിതം സുരക്ഷിതമാക്കിയതിനുശേഷമാണ് എം ജി ശ്രീകുമാറിനെ വിവാഹം കഴിച്ചതെന്നും അവർ പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇക്കാര്യങ്ങൾ പങ്കുവച്ചത്.
'എന്റെ ചെറുപ്പക്കാലത്തിലല്ല ഞാൻ അദ്ദേഹത്തെ വിവാഹം കഴിച്ചത്. അതുകൊണ്ട് ഒളിച്ചോടിയല്ല വിവാഹം കഴിച്ചത്. സാമ്പത്തികപരമായ ഒരു ആവശ്യത്തിനുമല്ല വിവാഹം കഴിച്ചത്. മറ്റൊരാളെ ചതിച്ചിട്ട് എം ജി ശ്രീകുമാറിനെ വിവാഹം കഴിച്ചെന്നാണ് പലരും പറയുന്നത്. ഞങ്ങൾ സന്തോഷത്തോടെയാണ് ജീവിക്കുന്നത്. പക്ഷെ മറ്റുളളവർക്കാണ് സങ്കടം. ഈ വിവാഹം കൊണ്ട് ഞാൻ ജീവിക്കാൻ പഠിച്ചു. സ്‌നേഹിക്കുന്ന ഒരു പുരുഷനെ കണ്ടുമുട്ടാൻ സാധിച്ചു. ഉത്തമനായ ഭർത്താവാണ് ശ്രീക്കുട്ടൻ. എന്റെ ആഗ്രഹങ്ങൾ മുഴുവനും നിറവേറ്റി തന്ന വ്യക്തിയാണ് അദ്ദേഹം.
എന്നെ വിവാഹം കഴിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങൾ അറിയാവുന്നതുകൊണ്ട് ഞാൻ കഴിയില്ലെന്ന് പറഞ്ഞു. എനിക്കുവേണ്ടി ഒരുപാട് നാൾ അദ്ദേഹം കാത്തിരുന്നിട്ടുണ്ട്. എന്റെ ജീവിതം സിനിമ പോലെയായിരുന്നു. മക്കൾ വേണ്ടെന്ന് ഞങ്ങൾ തന്നെയാണ് തീരുമാനിച്ചത്. സംഗീത രംഗത്ത് തന്നെ എത്ര പേർക്ക് കുഞ്ഞുങ്ങളില്ല. അവരോട് ആരും ചോദിക്കുന്നില്ല. പലരും ചോദിച്ചിട്ടുണ്ട്. അതിൽ ദേഷ്യമൊന്നും തോന്നിയിട്ടില്ല. 1988ലാണ് ഞങ്ങൾ ആദ്യമായി കണ്ടുമുട്ടുന്നത്. അന്നാണ് എം ജി ശ്രീകുമാർ എന്ന ഗായകൻ കൂടിയുണ്ടെന്ന് ഞാൻ മനസിലാക്കുന്നത്.
ഞങ്ങൾ ആദ്യം കണ്ട് രണ്ട് ദിവസങ്ങൾക്കുശേഷം അദ്ദേഹം പാടിയ ഒരു ഗാനത്തിന്റെ കാസറ്റ് എനിക്ക് വഴിയിൽ വച്ച് തന്നു. പിറ്റേദിവസവും കണ്ടു. അങ്ങനെ സൗഹൃദത്തിലായി. പ്രണയത്തിലായി. എന്നെ മനസിലാക്കുന്ന വ്യക്തിയാണ്. ഞങ്ങളുടെ പ്രണയം ആദ്യ മനസിലാക്കിയത് ഗായിക സുജാതയായിരുന്നു. ഒരു പാട്ടിന്റെ റെക്കോഡിംഗിന് ഞാനും പോയിരുന്നു. അന്ന് സുജാതയും ഉണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടിട്ട് സുജാതയ്ക്ക് സംശയം തോന്നിയിരുന്നു. അന്ന് എന്നെ കുറ്റപ്പെടുത്തിയവരൊക്കെ ഇന്ന് ഒറ്റയ്ക്കാണ്. മകൾക്ക് നല്ലൊരു അമ്മയായിരുന്നു. അവർക്ക് ഇപ്പോഴും സ്‌നേഹമാണ്. അവൾക്ക് നല്ലൊരു ജീവിതം കൊടുത്തിട്ടാണ് ഞാൻ എന്റെ ജീവിതം നോക്കിയത്'-ലേഖ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |