മോഹൻലാൽ, പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലയാളത്തിലെ ബിഗ് ബഡ്‌ജറ്റ് ചിത്രം എമ്പുരാന്റെ റിലീസ് സംബന്ധിച്ച അനിശ്ചിതത്വം നീങ്ങി. ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസ് ചിത്രവുമായി സഹകരിക്കുകയാണെന്നാണ് പുതിയ വിവരം. നടൻ മോഹൻലാലും പൃഥ്വിരാജും അടക്കമുള്ള അണിയറപ്രവർത്തകർ ഇതുസംബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പമാണ് പ്രഖ്യാപനം. ഗോകുലം ഗോപാലന് പ്രത്യേക നന്ദിയും മോഹൻലാൽ അറിയിച്ചിട്ടുണ്ട്.
ഈ പ്രൊജക്ടിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് ഗോകുലം മൂവീസും തങ്ങളുടെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചു. കൂടാതെ നേരത്തെ പുറത്തുവന്ന റിപ്പോർട്ട് പ്രകാരം തമിഴിലെ മുൻനിര ബാനറായ ലെെക്ക പ്രൊഡക്ഷൻസ് ചിത്രത്തിൽ നിന്ന് പൂർണമായും പിന്മാറുന്നില്ല. പുതിയ പോസ്റ്ററിലും ലെെക്കയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടെ മൂന്ന് നിർമ്മാതാക്കളാണ് എമ്പുരാന്. ലെെക്ക പ്രൊഡക്ഷൻ, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നി ബാനറുകളിൽ സുഭാസ്കരൻ, ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം മാർച്ച് 27ന് തന്നെ തിയേറ്ററുകളിൽ എത്തും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലൈക്ക പ്രൊഡക്ഷൻസ് ‘L2 എമ്പുരാൻ’ സിനിമയിൽ നിന്നും പിന്മാറും എന്ന നിലയിൽ സ്ഥിരീകരണം ലഭിക്കാതെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലൈക്കയുടെ പിന്തുണയില്ലാതെ സിനിമ തീയേറ്ററിൽ എത്തിക്കാനുള്ള ശ്രമം ആന്റണി പെരുമ്പാവൂരിന്റെ നേതൃത്വത്തിലുള്ള ആശിർവാദ് സിനിമാസ് നേരത്തേ ആരംഭിച്ചിരുന്നു എന്നും റിപ്പോർട്ടുണ്ടായിരുന്നു. പിന്നാലെയാണ് പുതിയ നിർമ്മാതാവിനെ പ്രഖ്യാപിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |