സീനത്ത് എന്ന നടിയെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള താരങ്ങൾക്കൊപ്പം നടി അഭിനയിച്ചിട്ടുണ്ട്. പരിഗണന കിട്ടാത്തയിടങ്ങളിൽ നിന്ന് താൻ ഇറങ്ങിപ്പോയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
'ഞാൻ പണത്തിനല്ല പ്രാധാന്യം കൊടുക്കുന്നത്. നമുക്ക് കിട്ടേണ്ട പരിഗണന കിട്ടിയില്ലെങ്കിൽ അങ്ങനത്തെ സ്ഥലത്ത് നിൽക്കാൻ വലിയ ബുദ്ധിമുട്ടാണ്. ലൊക്കേഷനിൽ നിന്നിറങ്ങിപ്പോയിട്ടുണ്ട്. ആ ഡയറക്ടറുടെ പടത്തിൽ പിന്നെ എന്നെ വിളിച്ചിട്ടില്ല. അവിടെ സത്യം പറഞ്ഞാൽ ഞാൻ തെറ്റ് ചെയ്തു. നമ്മൾ പറയേണ്ടത് പറയണം, ഇറങ്ങിപ്പോകാൻ പാടില്ലായിരുന്നു. വിനയേട്ടന്റെ ലൊക്കേഷനിൽ നിന്നായിരുന്നു പോയത്. ഇപ്പോഴൊന്നുമല്ല, കുറേവർഷങ്ങൾക്ക് മുമ്പായിരുന്നു.
വിനയേട്ടൻ സംഭവം അറിഞ്ഞിട്ടില്ല. മോൻ വളരെ കുഞ്ഞാണ്. അവിടെയാണെങ്കിൽ റൂമില്ല. ഒരു ആർട്ടിസ്റ്റ് വരുമ്പോൾ അവർക്കറിയില്ലേ റൂമൊക്കെ ശരിയാക്കണമെന്ന്. വൈകുന്നേരമേ റൂം ശരിയാകുകയുള്ളൂവെന്ന്. എനിക്ക് ഭയങ്കര സങ്കടമായി. ആരോടും സംസാരിക്കാൻ നിന്നില്ല. ഞാൻ ഇറങ്ങിപ്പോയി. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. എന്റേത് അടുത്ത സീനുമായിരുന്നു. കുറച്ച് സമയം കഴിഞ്ഞപ്പോൾ എനിക്ക് കുറ്റബോധം തോന്നി. വിനയേട്ടനെ വിളിച്ച് കാര്യം പറഞ്ഞു. ഏതായാലും പോയില്ലേ, വിട്ടേക്ക് എന്ന് പറഞ്ഞു. വിനയേട്ടൻ പിന്നെ എന്നെ വിളിച്ചിട്ടേയില്ല.
കുറേക്കാലത്തിന് ശേഷം വിനയേട്ടനെ കണ്ടപ്പോൾ കാര്യം പറഞ്ഞു. അപ്പോൾ നമുക്ക് വീണ്ടും സിനിമ ചെയ്യാമെന്നൊക്കെ പറഞ്ഞു. പിന്നെ ചാലക്കുടിക്കാരൻ ചങ്ങാതിയിലേക്ക് വിളിച്ചു. പക്ഷേ ആ റോൾ ചില കാരണങ്ങൾ കൊണ്ട് കിട്ടിയില്ല. ഇപ്പോഴാണെങ്കിൽ അങ്ങനെ ചെയ്യില്ല.'- സീനത്ത് പറഞ്ഞു. രണ്ടായിരത്തിയഞ്ഞൂറ് രൂപയായിരുന്നു ആദ്യം കിട്ടിയ പ്രതിഫലമെന്നും നടി വ്യക്തമാക്കി.
അവസരങ്ങൾ ചിലർ നഷ്ടപ്പെടുത്തിയിട്ടുണ്ടെന്ന് സീനത്ത് പറയുന്നു. 'എന്നെ വിളിച്ച പടങ്ങൾ വേറെ ആൾക്കാർ ചെയ്തിട്ടുണ്ട്. നല്ല റോളുകളാണ് പോയത്. സംവിധായകൻ നമ്മളെ വിളിക്കാൻ പറഞ്ഞിട്ടും വിളിച്ചിട്ടില്ല. ആരാണ് അത് ചെയ്യുന്നതെന്നറിയില്ല. അത് കാണുമ്പോൾ ഭയങ്കര സങ്കടം വരും. ചില നടന്മാർക്കും ആ സ്വഭാവം ഉണ്ട്.
ഒരു നടനെ എനിക്ക് വളരെ വ്യക്തമായി അറിയാം. നിങ്ങൾ വളരെ മോശമാണ് ചെയ്യുന്നതെന്ന് അയാളോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. നടന്റെ പേര് പറയുന്നില്ല. പക്ഷേ അയാളോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ഡയറക്ടറോട് വേറെ എന്തെങ്കിലും പറഞ്ഞ് നമ്മളെ ഒഴിവാക്കും. ഒരു പടമല്ല, ഈയടുത്തകാലത്ത് വരെ ചെയ്തു.'- നടി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |