വിതുര: ചൂടിന്റെ കാഠിന്യമേറുന്നു. ഇതിനൊപ്പം രൂക്ഷമായ ജലക്ഷാമവും നേരിടുന്നതിനാൽ ജനങ്ങൾ പ്രതിസന്ധിയിലാണ്. നദികളും വറ്റിത്തുടങ്ങി. കൃഷിയുടെ ആവശ്യത്തിനുപോലും വെള്ളം കിട്ടാത്ത അവസ്ഥയാണ്. പൈപ്പ് ജലം സുഗമമായി ലഭിച്ചിരുന്ന പ്രദേശങ്ങളിൽ വേനൽ കടുത്തതോടെ ജലവിതരണം മുടങ്ങുന്നതായി പരാതി ഉയർന്നിട്ടുണ്ട്. രാത്രികാലങ്ങളിൽ വെള്ളം പമ്പ് ചെയ്യുന്നതിനാൽ പൈപ്പുകൾ പൊട്ടി ശുദ്ധജലം പാഴാകുന്ന സ്ഥിതിയുമുണ്ട്. ജലക്ഷാമത്തിന് ശാശ്വത പരിഹാരം കാണാത്തതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.
പദ്ധതികൾ പലതുണ്ടെങ്കിലും വേനൽക്കാലത്ത് പൊതുജനങ്ങൾക്ക് പ്രയോജനപ്രദമാക്കാൻ അധികാരികൾക്കോ ജല അതോറിട്ടിക്കോ കഴിഞ്ഞിട്ടില്ലെന്ന ആക്ഷേപവുമുണ്ട്.
കടുത്ത വേനലുകളിലും വറ്റാതിരുന്ന കിണറുകളിലെ ജലനിരപ്പും ക്രമാതീതമായി താഴ്ന്നു. പൊതു ടാപ്പുകൾക്ക് മുന്നിൽ ബക്കറ്റുകളുടെയും കുടങ്ങളുടെയും നീണ്ടനിര കാണാം. അതേസമയം പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നത് പതിവ് കാഴ്ചയാണ്.
വിതുര, പോറ്റികുന്ന്, തൊളിക്കോട്, ഉണ്ടപ്പാറ, പച്ചമല, തേക്കുംമൂട്, തേവൻപാറ, തുരുത്തി,തോട്ടുമുക്ക് കന്നുകാലിവനം, ആനപ്പെട്ടി, പനക്കോട്, മണിതൂക്കി എന്നിവിടങ്ങളിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്.
പൊന്മുടിയിൽ പൊരിവെയിൽ
കൊടും വെയിലിൽ പൊൻമുടി മേഖലയിലെ പുൽമേടുകൾ മുഴുവൻ കരിഞ്ഞുണങ്ങി. കടുത്ത ചൂടാണ് പൊന്മുടിയിൽ അനുഭവപ്പെടുന്നത്. ഒരുമാസമായി ശക്തമായ ചൂടാണിവിടെ. രണ്ടരമാസമായി മഴയും ലഭിച്ചിട്ടില്ല. ഇടയ്ക്ക് രണ്ട് ദിവസം നേരിയതോതിൽ വേനൽമഴ പെയ്തെങ്കിലും ഇപ്പോൾ അതികഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. കുടിവെള്ളക്ഷാമവും നേരിടുന്നുണ്ട്.
കാട്ടുതീ പടരാനുള്ള സാദ്ധ്യത
കാട്ടുതീ പടരാനുള്ള സാദ്ധ്യതയും കൂടുതലായതിനാൽ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വനപാലകൾ അറിയിച്ചു. ചൂടേറിയതോടെ സഞ്ചാരികളുടെ വരവിലും കുറവുണ്ട്. എന്നാൽ അവധി ദിവസങ്ങളിൽ കൂടുതൽ പേരെത്തുന്നത് അധികൃതർക്ക് ആശ്വാസമാണ്.
കാട്ടുമൃഗങ്ങൾ നാട്ടിലേക്ക്
ചൂടിന്റെ കാഠിന്യത്തിൽ വനാന്തരങ്ങൾ വരണ്ടുണങ്ങിയതോടെ തീറ്റയും വെള്ളവും തേടി കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങുന്നുണ്ട്. കാട്ടാനയും,കാട്ടുപോത്തും, പന്നിയും, പുലിയും വരെ കൃഷിയിടങ്ങളിൽ കയറി കൃഷി നശിപ്പിക്കുന്നതും പതിവാണ്. രാത്രിയിൽ പൊൻമുടി കല്ലാർ പാതയോരം കാട്ടാനകൾ കൈയടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |