കയ്പമംഗലം: ജനകീയം ഡി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനയിൽ കയ്പമംഗലത്ത് ഒന്നരക്കിലോയോളം കഞ്ചാവുമായി ബീഹാർ സ്വദേശികളായ തൊഴിലാളികൾ അറസ്റ്റിൽ. ബീഹാർ സ്വദേശികളായ ബാസിഹ (38), ഷേഖ് നയീം (42), മുഹമ്മദ് ഗൗരാഖ് (35) എന്നിവരെയാണ് കയ്പമംഗലം പൊലീസ് പിടികൂടിയത്.
ഇവർ കുടുംബമായി താമസിച്ചിരുന്ന പെരിമംഗലത്ത് നിന്നുള്ള വീട്ടിൽ നിന്ന് ഒന്നരക്കിലോ കഞ്ചാവ് പൊലീസ് കണ്ടെടുത്തു.
ചെറിയ പാക്കിലായി വിതരണത്തിന് തയ്യാറാക്കിയ നിലയിലായിരുന്നു കഞ്ചാവ്. രഹസ്യവിവരത്തെ തുടർന്ന് ഒരാഴ്ച്ചയോളമായി സ്‌പെഷ്യൽ ബ്രാഞ്ചിന്റെ നിരീക്ഷണത്തിലായിരുന്നു ഇവർ. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നിർദ്ദേശപ്രകാരം നിരോധിത ലഹരി വസ്തുക്കൾ, അനധികൃത മദ്യം എന്നിവയുടെ നിർമ്മാണം, സംഭരണം, വിപണനം എന്നിവ തടയാനായി തൃശൂർ റൂറൽ ജില്ലയിൽ, കേരള പൊലീസിന്റെ കടലോര ജാഗ്രതാ സമിതി, സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് പദ്ധതി, സ്‌കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ്, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് അംഗങ്ങൾ, ജനമൈത്രി പൊലീസ്, റെസിഡന്റ് അസോസിയേഷൻ തുടങ്ങിയവരുടെ സഹായത്തോടെ നടന്നുവരുന്ന ജനകീയം ഡി ഹണ്ടിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ഇവർ പിടിയിലായത്. കയ്പമംഗലം പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.ആർ.ബിജു, സബ് ഇൻസ്‌പെക്ടർ മുഹമ്മദ് സിയാദ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുനിൽ കുമാർ, ഗിരീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ്, കെ.എസ്.അനന്തു എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |