തൃശൂർ: കൈയേറ്റം നടത്തുന്നത് എത്ര ഉന്നതനായാലും സർക്കാർ ഒരു ദാക്ഷിണ്യവും നൽകില്ലെന്ന് റവന്യുമന്ത്രി കെ. രാജൻ. തൃശൂരിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇടുക്കി ചൊക്രമുടിയിലെ കൈയേറ്റവും പരുന്തുംപാറയിലെ കൈയേറ്റവും നിയമവ്യവസ്ഥകൾ പാലിച്ച് ഒഴിപ്പിക്കും. ഭൂമി അനുവദിച്ച് നൽകിയാൽ 1964ലെ ചട്ടപ്രകാരം ഒരു വർഷത്തിനകം ഉപയോഗിക്കണം. ഇത് ലംഘിച്ചതിനാലാണ് ചൊക്രമുടിയിലെ നാല് പട്ടയങ്ങൾ റദ്ദാക്കിയത്. അഞ്ച് പട്ടയങ്ങളിൽ നാലെണ്ണം റദ്ദാക്കിയത് നടപടിക്രമങ്ങളുടെ ഭാഗമായാണ്. ഇതിന്റെ വിശദാംശങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവരും. കൃത്രിമരേഖകൾ ചമച്ചവർക്കെതിരെയും ഇവരെ സഹായിച്ചവർക്കെതിരെയും ക്രിമിനൽ കേസ് നടപടി സ്വീകരിക്കുന്നതിന് ദേവികുളം സബ് കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൈയേറ്റം കണ്ടെത്തുന്നതിന് ആർ.പി.കെ പോലുള്ള വിപുലമായ സൗകര്യങ്ങളോടെ ഭൂമി അളന്ന് തിട്ടപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |