കോഴിക്കോട്: താമരശേരിയിലെ അനധികൃത ട്യൂഷൻ സെന്ററുകൾ പൂട്ടാൻ അധികൃതരുടെ ഉത്തരവ്. കോഴിക്കോട് ഡിഇഒയാണ് ഉത്തരവിട്ടത്. പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹബാസ് മർദ്ദനമേറ്റ് മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
താമരശേരി പഴയ ബസ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്ററിലെ ഫെയർവെൽ പാർട്ടിയെ തുടർന്നുണ്ടായ സംഘർഷത്തിലാണ് ഷഹബാസ് കൊല്ലപ്പെട്ടത്. എളേറ്റിൽ വട്ടോളി എംജെ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ ഡാൻസ് കളിക്കുന്നതിനിടെ പാട്ട് നിന്നുപോവുകയും ഇതിനെത്തുടർന്ന് താമരശേരി ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ കൂവി വിളിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തതാണ് സംഘർഷത്തിലെ തുടക്കം.ഇതിന്റെ പേരിലാണ് വീണ്ടും വലിയ സംഘർഷം ഉണ്ടായത്.
സംഘർഷത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷഹബാസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. മാരകായുധം കൊണ്ടുള്ള അടിയേറ്റ് തലയോട്ടിയിൽ പൊട്ടലുണ്ടായതായി പോസ്റ്റുമോട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥികളുടെ ഞെട്ടിപ്പിക്കുന്ന ഇൻസ്റ്റാഗ്രാം ചാറ്റുകളും പുറത്തായിരുന്നു. ഷഹബാസിനെ കൊല്ലും എന്ന് പറഞ്ഞാൽ കൊല്ലും അവന്റെ കണ്ണു പോയി നോക്ക് എന്നും അവരല്ലേ ഇങ്ങോട്ട് അടിക്കാൻ വന്നത് കേസ് ഒന്നും ഉണ്ടാകില്ല എന്ന് പറയുന്ന വോയിസ് ചാറ്റ് ആണ് പുറത്തുവന്നത്. കേസിൽ അറസ്റ്റിലായ വിദ്യാർത്ഥികളെ പത്താം ക്ളാസ് പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |