തിരുവനന്തപുരം: കൊതിയൂറും ചോക്ലേറ്റ് ബ്രൗണികളാണ് ഗൗരീശപട്ടത്തെ 'ലാമോർ ബേക്ക്ഹൗസിൽ"എത്തുന്നവരെ സ്വീകരിക്കുന്നത്. 'സ്നേഹം' എന്ന് ഫ്രെഞ്ചിൽ അർത്ഥം വരുന്ന 'ലാമോറിൽ" ഏറെ സന്തോഷത്തോടെയാണ് ഗോപിക തയ്യാറാക്കുന്നത്. ഹാർവാർഡ് സർവകലാശാലയിലടക്കം ഗവേഷണത്തിന് അവസരം ലഭിക്കുമായിരുന്ന 25കാരിയായ ഗോപിക അത് ഉപേക്ഷിച്ചാണ് കേക്കുകളുടെ ലോകത്തേക്ക് പ്രവേശിച്ചത്. കേക്കിന്റെ ഇനമെങ്കിലും അധികം പ്രചാരത്തിലില്ലാത്ത ബ്രൗണികൾക്ക് കേരളത്തിൽ മികച്ച അവസരമുണ്ടെന്ന് തിരിച്ചറിഞ്ഞപ്പോൾ ഡോക്ടറേറ്റ് എടുക്കാനുള്ള പ്ലാൻ ഗോപിക ഉപേക്ഷിക്കുകയായിരുന്നു.'ഇഷ്ടപ്പെടുന്നത് ആത്മവിശ്വാസത്തോടെ ചെയ്താൽ ഫലം കാണും." ഗോപിക പറയുന്നു.കേക്കിന് സമാനമായാണ് ബേക്ക് ചെയ്യുന്നതെങ്കിലും ബ്രൗണിയിൽ ചോക്ലേറ്റിന്റെ അളവ് കൂടുതലും മൈദയുടെ അളവ് കുറവുമായിരിക്കും.ബേക്കിംഗ് പൗഡർ ഉപയോഗിക്കാത്തതിനാൽ കേക്ക് പോലെ പൊങ്ങിവരില്ല.സ്പോഞ്ച് ടെക്സ്ചറിനു പകരം വായിൽ വയ്ക്കുമ്പോൾ കുറച്ച് കട്ടി അനുഭവപ്പെടും.
മാർഇവാനിയോസിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ഡിഗ്രി പൂർത്തിയാക്കിയശേഷം ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് സർവകലാശാലയുടെ(ഇഫ്ലു) കാഠിന്യമേറിയ പ്രവേശനപരീക്ഷ ആദ്യശ്രമത്തിൽ ഗോപിക പാസായി.പൂനെയടക്കമുള്ള കേന്ദ്രസർസർവകലാശാലകളിലും ഇതിനൊപ്പം അഡ്മിഷൻമെമ്മോ ലഭിച്ചു.ഇഫ്ലുവിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ പി.ജി ചെയ്തു.ഫിലോസഫിയായിരുന്നു പ്രബന്ധവിഷയം.2022ൽ ഡിസ്റ്റിംഗ്ഷനോടെ പഠിച്ചിറങ്ങി ലണ്ടനിലെ സൊആസ് സർവകലാശാലായിൽ ബുദ്ധിസത്തിൽ പി.എച്ച്.ഡിയെടുക്കാമെന്ന് കരുതി.ഹാർവാർഡിലും അവസരം ലഭിക്കുമായിരുന്നു.ഇതിനിടയിലാണ് ബേക്കിംഗിലേക്ക് തിരിഞ്ഞത്.
'എനിക്ക് ബ്രൗണി ഇഷ്ടമാണ്.എന്നാൽ,പരിസരത്തെവിടെയും നല്ല ബ്രൗണി കിട്ടിയില്ല.എനിക്കു കഴിക്കാനാണ് ആദ്യമായി ബേക്ക് ചെയ്തത്...'ഗോപിക പറഞ്ഞു. സ്വാദ് വീട്ടുകാർക്കും ബന്ധുക്കൾക്കുമിടയിൽ ക്ലിക്കായതോടെ ആത്മവിശ്വാസമായി.തുടക്കത്തിൽ പാത്രം കഴുകുന്നത് മുതൽ ബേക്ക് ചെയ്യുന്നതു വരെ തനിച്ചായിരുന്നു.വിഭവങ്ങളെക്കുറിച്ച് വായിച്ചുപഠിച്ചു.ബംഗളൂരുവിലെ ഐ.ഐ.പി.സിയിൽ ബേക്കിംഗിൽ ഡിപ്ലോമ ചെയ്തു. കേന്ദ്രത്തിന്റെ പി.എം.എഫ്.എം.ഇ പദ്ധതിയിലൂടെ സംരംഭത്തിനായി 15ലക്ഷത്തിന്റെ മൂലധനം ലഭിച്ചതോടെ 2024ൽ ഗൗരീശപട്ടത്ത് ലാമോർ ആരംഭിച്ചു. ഇപ്പോൾ രണ്ടുപേർക്ക് ജോലി നൽകുന്നുണ്ട്. കുട്ടികൾ മുതൽ ഐ.പി.എസ് ഉദ്യോഗസ്ഥർ വരെ ഗോപികയുടെ ബ്രൗണിയുടെ ആരാധകരാണ്. കോസ്മോഹോസ്പിറ്റലിനു സമീപമാണ് താമസം.അച്ഛൻ ബി.വി.പവനൻ കേരളകൗമുദി മുൻ പൊളിറ്റിക്കൽ എഡിറ്ററും രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായിരുന്ന കാലത്തെ പ്രസ് സെക്രട്ടറിയുമായിരുന്നു.അമ്മ ഡോ.സുമ സരസ്വതി കോളേജ് പ്രിൻസിപ്പലാണ്.സഹോദരി പാർവതി സൗദി ഡിഫെൻസിലാണ്.
മായം ചേർക്കാതെ
പ്രിസർവേറ്റീവുകളൊന്നും ചേർക്കാതെയാണ് ഗോപിക വിഭവങ്ങളൊരുക്കുന്നത്.ഉച്ചയ്ക്ക് ഒന്നു മുതൽ രാത്രി 10 വരെയാണ് സമയം.ക്ലൗഡ്കിച്ചൻ മോഡലിൽ പ്രവർത്തിക്കുന്നതിനാൽ ഡൈൻ ഇൻ സംവിധാനമില്ല.എന്നാൽ നേരിട്ടു വാങ്ങാം.ഓൺലൈനായി ഓർഡറും നൽകാം.സ്വിഗിയും സൊമാറ്റയും വഴിയെത്തിക്കും. ബ്രൗണിക്കു പുറമേ ചീസ് കേക്ക്,റാഗി കേക്ക്,തിരാമിസു,ഗാർസിക്ക്ബൺ ഉൾപ്പെടെ മുപ്പതോളം വിഭവങ്ങളൊരുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |