ആലപ്പുഴ: ആഴ്ചകളോളം കിടന്നാലും വെള്ളം പിടിക്കില്ല. കീടരോഗങ്ങൾ ബാധിക്കില്ല. ശക്തമായ കാറ്റിലും മഴയിലും ഒടിഞ്ഞുവീഴില്ല. അത്യുത്പാദനശേഷിയുള്ള പുതിയ രണ്ട് നെല്ലിനങ്ങൾ വികസിപ്പിച്ച് ആലപ്പുഴ മങ്കൊമ്പിലെ നെൽവിത്തു ഗവേഷണ കേന്ദ്രം. പേര് 'പുണ്യ', 'ആദ്യ'.
പതിനെട്ട് വർഷത്തെ ഗവേഷണത്തിന് ഒടുവിലാണിത്. നെൽവിത്തുകൾ കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു. അംഗീകാരം കിട്ടുന്ന മുറയ്ക്ക് പ്രഖ്യാപനം നടക്കും. കുട്ടനാട്ടിലെ അടക്കമുള്ള കർഷകർക്ക് വിതരണം ചെയ്യും.
കേരളത്തിലെ പരമ്പരാഗത നെല്ലിനങ്ങളുടെ സംയോജനത്തിലൂടെയാണ് ഇവ വികസിപ്പിച്ചത്.
കേരളത്തിലാദ്യമായി മങ്കൊമ്പ് കേന്ദ്രത്തിൽ വികസിപ്പിച്ച തവിടിന്റെ അംശം കുറഞ്ഞ ആദ്യ വെള്ള അരിയാണ് ആദ്യ. കുട്ടനാട് ഉൾപ്പെടെ ഇരുപ്പൂ കൃഷികൾക്ക് തികച്ചും അനുയോജ്യമാണ് ഇവ രണ്ടും. ചാഴി ഉൾപ്പെടെയുള്ള കീടങ്ങളെയും ബ്ളാസ്റ്റ് പോലുള്ള രോഗങ്ങളെയും തരണം ചെയ്യാനും ശേഷിയുണ്ട്.
ആഴ്ചകളോളം വെള്ളത്തിൽ കിടന്നാലും നെല്ലിന്റെ കണ ചീയില്ല. ഉമ, പൗർണമി വിത്തുകളേക്കാൾ പുണ്യയ്ക്ക് മൂപ്പ് കുറവാണ്. കായൽ നിലങ്ങളും കരിനിലങ്ങളും നിറഞ്ഞ കുട്ടനാട് പോലുള്ള സ്ഥലങ്ങളിൽ കൃഷിക്ക് ഉത്തമമാണ് ആദ്യ. വിളവിലും മുന്നിൽ. മങ്കൊമ്പ് കേന്ദ്രത്തിലെ സയന്റിസ്റ്റായിരുന്ന ഡോ.ലീലാകുമാരിയുടെ നേതൃത്വത്തിലാണ് ഗവേഷണം തുടങ്ങിയത്. ഇവർ വിരമിച്ചശേഷം ഇപ്പോഴത്തെ ഡയറക്ടർ ഡോ.എൻ.സുരേന്ദ്രന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി.
ആദ്യ
1.മൂപ്പ് 125 ദിവസം. വെളുത്ത വടി അരി. പരമ്പരാഗത മട്ടയിനം
2.തവളക്കണ്ണൻ, ഉമ നെൽവിത്തുകളുടെ സംയോജനം
പുണ്യ
1.ഉമ, ജ്യോതി നെൽവിത്തുകളുടെ സംയോജനം
2.മൂപ്പ് 105 ദിവസം. ജ്യോതിഅരിയുടെ രുചി. നീണ്ട ഉണ്ടഅരി
''സംസ്ഥാന കൃഷിവകുപ്പിനും കേന്ദ്ര കാർഷിക മന്ത്രാലയത്തിനും കീഴിലുള്ള അംഗീകൃത വിത്ത് വിതരണ ഏജൻസികൾക്ക് കൈമാറുന്ന നെൽവിത്തുകൾ അടുത്ത രണ്ട് സീസണുകൾക്കുശേഷം കൃഷിക്ക് ലഭ്യമാകുമെന്നാണ് പ്രതീക്ഷ
-ഡോ.എൻ.സുരേന്ദ്രൻ, ഡയറക്ടർ,
ഡോ.എം.എസ്.സ്വാമിനാഥൻ
റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മങ്കൊമ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |