കൊച്ചി: വേനൽച്ചൂട് കൂടുന്നതനുസരിച്ച് സംസ്ഥാനത്ത് മീൻവിലയും കുതിച്ചുയരുന്നു. അയല, മത്തി, കേര, നെയ്മീൻ തുടങ്ങി എല്ലായിനത്തിനും പൊള്ളുന്ന വിലയാണ്. കഴിഞ്ഞ ദിവസം വരെ കിലോയ്ക്ക് 220 രൂപയുണ്ടായിരുന്ന അയല സൈസ് അനുസരിച്ച് 280 മുതൽ 320വരെയും 1000ന് താഴെയായിരുന്ന നെയ്മീന് 1250 മുതൽ 1550വരെയുമായിരുന്നു ഇന്നലെ മാർക്കറ്റ് വില. കേരള തീരത്ത് കഴിഞ്ഞ കുറേ നാളുകളായി ചെറിയ മത്തി (ചാള) മാത്രമാണ് വള്ളക്കാർക്ക് ലഭിക്കുന്നത്. 10 മുതൽ 12 വരെ സെന്റീമീറ്റർ മാത്രം വലിപ്പമുള്ള മത്തിക്ക് പൊതുവേ ഡിമാൻഡും കുറവാണ്. അയല, വലിയ മത്തി, നെയ്മീൻ, കേര തുടങ്ങിയവ തമിഴ്നാട്ടിലെ കടലൂർ, നാഗപട്ടണം എന്നിവിടങ്ങളിൽ നിന്നാണ് എത്തുന്നത്.
കടലിൽ 33 ഡിഗ്രി ചൂട്
അന്തരീക്ഷോഷ്മാവ് വർദ്ധിച്ചതിനെത്തുടർന്ന് കേരളതീരത്ത് മത്സ്യലഭ്യത കുറഞ്ഞതും തമിഴ്നാട്ടിൽ ട്രോളിംഗ് നിരോധനം നിലവിൽ വന്നതുമാണ് പെട്ടന്നുള്ള വിലവർദ്ധനവിന് കാരണം. തീരക്കടലിൽ 32 മുതൽ 33 ഡിഗ്രിവരെ ചൂടുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു.ഏപ്രിൽ 15മുതൽ ജൂൺ 15വരെ തമിഴ്നാട്ടിൽ ട്രോളിംഗ് നിരോധനമാണ്. അതുകഴിഞ്ഞാലും കേരളത്തിലെ മത്സ്യവില പെട്ടെന്ന് കുറയാൻ സാദ്ധ്യതയില്ല. കാരണം ജൂൺ മുതൽ ആഗസ്റ്റ് വരെ കേരളത്തിൽ ട്രോളിംഗ് നിരോധനമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |