ചേർത്തല: കൂടൽമാണിക്യം ക്ഷേത്രത്തിൽ കഴക ജോലിയിൽ ദേവസ്വം ബോർഡ് നിയമിച്ചയാളെ ജാതിവിവേചനം പറഞ്ഞ് മാറ്റിനിറുത്തിയതിനെ എതിർക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ഡയറക്ടർ ബോർഡ് യോഗം. ഈഴവരാദി പിന്നാക്ക യുവാക്കൾ പഠിച്ച് സർക്കാർ റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ വഴി ജോലിയ്‌ക്ക് പ്രവേശിക്കുമ്പോൾ മാറ്റി നിറുത്തുന്നത് കേരളത്തിന്റെ ഇരുണ്ട കാലഘട്ടത്തിന്റെ ബാക്കിപത്രമാണ്.
'ക്ഷേത്ര കാര്യങ്ങളിൽ ഈഴവൻ പാടില്ല" എന്ന തരത്തിലുള്ള തടസവാദങ്ങൾ ഉന്നയിക്കുന്ന സവർണചിന്തകർ ജാതിവിവേചനം തന്നെയാണ് നടപ്പാക്കുന്നത്. ഇത്തരം ജാതിവിവേചനം ആവർത്തിക്കാതിരിക്കാനുള്ള ശക്തമായ നടപടി സർക്കാർ സ്വീകരിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ചേർത്തല ട്രാവൻകൂർ പാലസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് ഡോ. എം.എൻ. സോമൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ റിപ്പോർട്ടവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, കൗൺസിലർമാരായ പി. സുന്ദരൻ, ബേബിറാം, പി.ടി. മന്മഥൻ, പി.കെ. പ്രസന്നൻ, വിപിൻ രാജ്, സന്ദീപ് പച്ചയിൽ, പി.എസ്.എൻ. ബാബു, ബാബു കടുത്തുരുത്തി എന്നിവർ സംസാരിച്ചു. യോഗത്തിന്റെ നേതൃത്വത്തിൽ മൂന്നു പതിറ്റാണ്ട് പൂർത്തിയാക്കുന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഡയറക്ടർ ബോർഡ് യോഗം ആദരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |