തിരുവനന്തപുരം: ജലസേചന വകുപ്പിന് കീഴിലുള്ള 16 ഡാമുകളിൽ അടിഞ്ഞുകൂടിയത് 'കുന്നോളം' ചെളിയും മണലും. ഇതുകാരണം ആവശ്യത്തിന് വെള്ളം സംഭരിക്കാനാവുന്നില്ല. പര്യാപ്തമായ രീതിയിൽ ജലവിതരണത്തിനും കഴിയുന്നില്ല. വേനൽ കടുത്തതോടെ ഭൂരിഭാഗം ഡാമുകളിലും ജലത്തിന്റെ അളവ് പകുതിയായി കുറഞ്ഞു. ചെളിയും മണലും നീക്കുന്നതിനുള്ള ഡിസിൽറ്റേഷൻ പദ്ധതി ഇഴഞ്ഞു നീങ്ങുന്നതാണ് കാരണം.
100 ദശലക്ഷം ഘനമീറ്ററിലധികം (40%) ചെളിയും മണലുമാണ് ഈ ഡാമുകളിൽ നിറഞ്ഞിരിക്കുന്നത്. 2018ലെ പ്രളയത്തിനുശേഷം നടത്തിയ വിവിധ പഠനങ്ങളിലാണിത്.
മീങ്കര, ചുള്ളിയാർ, വാളയാർ, മംഗലം, മലമ്പുഴ, പോത്തുണ്ടി, കാഞ്ഞിരപ്പുഴ, പഴശ്ശി, ചിമ്മിനി, മലങ്കര തുടങ്ങിയ ഡാമുകളിൽ നിന്ന് ചെളിയും മണലും നീക്കാനായിരുന്നു പദ്ധതി തയ്യാറാക്കിയത്. 2021ലെ ബഡ്ജറ്റിൽ ഇതിനായി 500 കോടി വകയിരുത്തി.
തുടർന്ന് ഓരോ ഡാമിനും പ്രത്യേകമായി ടെൻഡർ ക്ഷണിച്ചെങ്കിലും ചിലയിടങ്ങളിൽ മാത്രമാണ് കരാർ നടപടിയായത്. പൈലറ്റ് പ്രോജക്ടായി അരുവിക്കരയിൽ ഉദ്ഘാടനം ചെയ്തെങ്കിലും തുടർനടപടി ഉണ്ടായില്ല. ആവശ്യത്തിന് വേനൽമഴ ലഭിക്കാത്തതിനാൽ ഡാമുകളിലെ വെള്ളം ഇനിയുള്ള മാസങ്ങളിലേക്ക് അപര്യാപ്തമാണെന്ന് അധികൃതർ പറയുന്നു.
ഒരു ദശലക്ഷം ഘനമീറ്റർ അധികം സംഭരിക്കാം
ചെളിയും മണലും നീക്കിയാൽ ഓരോ ഡാമിലും ഒരു ദശലക്ഷം ഘനമീറ്റർ വരെ വെള്ളം കൂടുതലായി സംഭരിക്കാനാകും. വരൾച്ച ഓരോ വർഷവും രൂക്ഷമാകുന്ന സാഹചര്യത്തിൽ ഡാമുകളിൽ മതിയായ രീതിയിൽ വെള്ളം സംഭരിക്കാനാകാത്തത് ജലസേചനത്തിന് വിഘാതമാകുമെന്ന് അധികൃതർ പറയുന്നു.
ഡാമുകളിലെ ചെളിയും മണ്ണും
(ദശലക്ഷം ഘനമീറ്ററിൽ)
മീങ്കര.................................... 1.128
ചുള്ളിയാർ.......................... 1.1333
വാളയാർ............................. 1.340
മംഗലം.................................. 2.79
മലമ്പുഴ............................... 48.36
പോത്തുണ്ടി........................ 3.758
കാഞ്ഞിരപ്പുഴ.................... 16.984
കുറ്റ്യാടി................................ 28.30
കാരാപ്പുഴ........................... 5.565
പഴശ്ശി.................................. 18.005
നെയ്യാർ.............................. 8.27
കല്ലട.................................... 28.608
മലങ്കര................................ 17.799
ചിമ്മിനി.............................. 1.13
മണിയാർ........................... 0.66
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |