തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാനെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെ പിതാവ് അബ്ദുൾ റഹീം കണ്ടു. അഫാനുമായി പോകുന്ന പൊലീസ് വാഹനം സിഗ്നലിൽപ്പെട്ട് കിടക്കുമ്പോഴാണ് റഹീം മകനെ കണ്ടത്. വാഹനം മുന്നോട്ട് എടുക്കുന്ന സമയം വരെ അവിടെ ഒരു കടയുടെ പുറത്ത് നിന്ന റഹീം മകനെ കണ്ടു. ഒപ്പം ഒരു സുഹൃത്തും ഉണ്ടായിരുന്നു. വാഹനം മുന്നോട്ട് എടുത്ത ശേഷമാണ് റഹീമും സുഹൃത്തും അവിടെ നിന്ന് പോയത്.
മകൻ അഫാനെ ഇനി കാണേണ്ടെന്ന് അബ്ദുൾ റഹീം നേരത്തെ പറഞ്ഞിരുന്നു. ' ഇനി അഫാനെ കാണണ്ട. അവൻ കാരണം ഇളയമകൻ, ഉമ്മ, ചേട്ടൻ, ചേട്ടന്റെ ഭാര്യ എല്ലാവരെയും എനിക്കു നഷ്ടമായി. അഫാനോട് ഉമ്മയ്ക്ക് വലിയ സ്‌നേഹമായിരുന്നു. അവൻ കാണാൻ പോകമ്പോൾ ഉമ്മ പണം കൊടുക്കുമായിരുന്നു. എന്റെ രണ്ടു മക്കളെയും വലിയ സ്‌നേഹത്തോടെയാണ് ഉമ്മ വളർത്തിയത്'- എന്നാണ് അന്ന് റഹീം പറഞ്ഞത്.
അതേസമയം, വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനുമായുള്ള മൂന്നാംഘട്ട തെളിവെടുപ്പ് പൂർത്തിയായി. അഫാന്റെ സഹോദരൻ അഫ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെ കൊലപ്പെടുത്തിയ കേസുകളിൽ പേരുമലയിലെ വീടടക്കം ഏഴിടങ്ങളിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
രാവിലെ ഒൻപതരയോടെ അഫാനെ സ്റ്റേഷനിൽ നിന്ന് ആദ്യം കൊലപാതകം നടന്ന പേരുമലയിലെ വീട്ടിലാണ് എത്തിച്ചത്. വീട്ടിലേയ്ക്ക് കയറിയ രീതിയും കൊലപാതകം നടത്തിയത് എങ്ങനെയെന്നും അഫാൻ പൊലീസിനോട് വിശദീകരിച്ചു. അഫ്സാനെയും കൂട്ടി വീട്ടിലെത്തിയപ്പോൾ താക്കോൽ കളഞ്ഞുപോയിരുന്നു. തുടർന്ന് മതിൽ ചാടി ടെറസ് വഴിയാണ് ഇരുവരും വീടിനുള്ളിൽ പ്രവേശിച്ചതെന്നാണ് അഫാൻ പൊലീസിനോട് പറഞ്ഞത്. വീട്ടിലെ തെളിവെടുപ്പിനുശേഷം മാല പണയംവച്ച സ്വകാര്യ ധനകാര്യ സ്ഥാപനത്തിലേയ്ക്കാണ് പ്രതിയെ കൊണ്ടുപോയത്.
കൊലയ്ക്ക് ഉപയോഗിച്ച ചുറ്റിക വാങ്ങിയ കട, എടിഎം, പെട്രോൾ പമ്പ്, ബാഗ് വാങ്ങിയ സ്റ്റേഷനറി കട എന്നിവിടങ്ങളിലും തെളിവെടുപ്പിനായി എത്തിച്ചു. ശേഷം അഫാനെ തിരികെ സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി. മൂന്ന് കേസുകളിലെയും തെളിവെടുപ്പ് പൂർത്തിയായതിനാൽ എത്രയും വേഗം തന്നെ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |