കൊച്ചി: കൊല്ലം കടയ്ക്കൽ ക്ഷേത്രത്തിലെ പരിപാടിക്കിടെ വിപ്ലവ ഗാനം അലപിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി രംഗത്ത്. വിപ്ലവ ഗാനങ്ങൾ പാടാനുള്ള ഇടമല്ല ക്ഷേത്രങ്ങളെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു ക്ഷേത്രത്തിൽ ഇത്തരം പരിപാടി നടത്താൻ പാടില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. മാർച്ച് 10ന് ക്ഷേത്രത്തിൽ ഗായകൻ അലോഷിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിലാണ് വിപ്ലവ ഗാനം ആലപിച്ചത്.
'ഇത് ക്ഷേത്ര ഉത്സവമാണ്. അല്ലാതെ കോളേജ് ആന്വൽ ഡേയോ രാഷ്ട്രീയ പാർട്ടിയുടെ പരിപാടിയോ അല്ല. ക്ഷേത്രവുമായി ബന്ധപ്പെട്ട പരിപാടികളും ക്ഷേത്ര ചടങ്ങുകളും അതോടൊപ്പം ക്ഷേത്രത്തിൽ നടത്താൻ കഴിയുന്ന മറ്റ് പരിപാടികളും മാത്രമേ നടത്താൻ പാടുള്ളൂ. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ വിപ്ലവഗാനങ്ങൾ ആലപിക്കാനുള്ള ഇടമല്ല' എന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ ദേവസ്വം സെക്രട്ടറിയെ കൂടി കക്ഷി ചേർത്തിട്ടുണ്ട്.
ആരാണ് പരിപാടി നടത്തിയതെന്നും ആരാണ് പരിപാടിക്ക് പണം മുടക്കിയതെന്നും കോടതി ചോദിച്ചു. ക്ഷേത്ര ഉപദേശക സമിതിയാണ് പരിപാടി സംഘടിപ്പിച്ചതെന്നാണ് തിരുവിതാംകൂർ ദേവസ്വം ഹൈക്കോടതിയിൽ നൽകിയ മറുപടിയിൽ പറയുന്നത്. സർക്കാരിന്റെ നിലപാടും കോടതി തേടിയിട്ടുണ്ട്. അടുത്ത ദിവസം കേസ് പരിഗണിക്കുമ്പോൾ ദേവസ്വം സെക്രട്ടറി സർക്കാരിന്റെ നിലപാട് കോടതിയിൽ അറിയിച്ചേക്കും. പരിപാടിയുടെ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് കോടതിയുടെ വിമർശനം. ഡിവൈഎഫ്‌ഐ സിന്ദാബാദ് എന്നൊക്കെയാണോ ക്ഷേത്രത്തിൽ പറയുന്നത് എന്ന ചോദ്യവും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായി.
ഒരു രാഷ്ട്രീയ പാർട്ടിയുടെ മുദ്രാവാക്യം അടക്കം മുഴക്കുന്ന സ്ഥലമായി ക്ഷേത്ര ഉത്സവങ്ങൾ മാറുമോ എന്നാണ് കോടതി പ്രധാനമായും ചോദിച്ചത്. പരിപാടിയുടെ ലൈംറ്റിംഗ് അടക്കം പരിശോധിച്ച കോടതി, ഇത്രയും പണമുണ്ടെങ്കിൽ ക്ഷേത്രത്തിൽ എത്തുന്നവർക്ക് അന്നദാനം നടത്തിക്കൂടെ എന്നും ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |