കോട്ടയം: 'അമ്മാ, എന്നെക്കൊണ്ട് പറ്റൂല്ലമ്മാ, ഇട്ടേച്ച് പോകല്ലമ്മാ...' വിങ്ങിപ്പൊട്ടി മകൻ നവനീത്. കല്യാണസാരി പുതച്ച് കിടക്കുന്ന അമ്മയുടെ ചേതനയറ്റ ശരീരത്തെ പുണർന്ന് മകൾ നവമി. 'എന്റെ മുത്ത് എന്നെ വിട്ടേച്ച് പോയല്ലോ, ഇതെങ്ങനെ സഹിക്കും' ഉള്ളുലഞ്ഞ് 90കാരിയായ അമ്മ സീതാലക്ഷ്മി. പ്രിയപ്പെട്ടവൾ ഇനി കൂടെയില്ലെന്ന തിരിച്ചറിവിൽ നിസംഗനായി ഭർത്താവ് വിശ്രുതൻ.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്ന് മരിച്ച ബിന്ദുവിന്റെ മൃതദേഹം തലയോലപ്പറമ്പ് ഉമ്മാംകുന്ന് മേപ്പോത്ത് കുന്നേൽ വീട്ടിലെത്തിച്ചപ്പോൾ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാൻ ആർക്കുമായില്ല. ആശ്വസിപ്പിക്കാൻ എത്തിയവരോട് കുടുംബത്തിനു വേണ്ടി ബിന്ദു സഹിച്ച ത്യാഗങ്ങൾ എണ്ണിപ്പറഞ്ഞ് കണ്ണീർവാർത്തു വിശ്രുതൻ.
അധികൃതരുടെ അനാസ്ഥയിൽ ജീവൻ നഷ്ടമായത് ഒരു കുടുംബത്തിന്റെ ഏക അത്താണിയെയാണ്. രണ്ടാഴ്ച കഴിഞ്ഞാൽ നവമിക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നു. മകളെ പരിചരിക്കാനാണ് ബിന്ദു മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയത്. മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴോടെയാണ് എത്തിച്ചത്. പുലർച്ചെ മുതൽ വീടും പരിസരവും ജനസാഗരമായിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുൻമന്ത്രി കെ.സി.ജോസഫ്, ജെബി മേത്തർ എം.പി, എം.എൽ.എമാരായ ചാണ്ടി ഉമ്മൻ, മോൻസ് ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി.കെ.ആശ, എ.പി. അനിൽകുമാർ, പി.സി.വിഷ്ണുനാഥ്, ബി.ജെ.പി നേതാക്കളായ ശോഭ സുരേന്ദ്രൻ, ഷോൺ ജോർജ്, ജി.ലിജിൻ ലാൽ, ബി.രാധാകൃഷ്ണ മേനോൻ, എൻ.ഹരി, സി.പി.എം ജില്ലാ സെക്രട്ടറി ടി.ആർ.രഘുനാഥൻ, ജില്ലാ കളക്ടർ ജോൺ വി.സാമുവൽ, മുനവറലി തങ്ങൾ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യരംഗത്തെ നിരവധിപേർ അന്തിമോപചാരമർപ്പിച്ചു.
ആദ്യ ശമ്പളം അമ്മയ്ക്ക്
നൽകാനാകാതെ...
സിവിൽ എൻജിനിയറിംഗ് കഴിഞ്ഞ് എറണാകുളത്ത് ഡെലിവറി ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു മകൻ നവനീത്. കഴിഞ്ഞ ദിവസമാണ് നവനീതിന് ആദ്യ ശമ്പളം കിട്ടിയത്. ഇതുമായി ആദ്യമെത്തിയത് അച്ഛന്റെ അടുക്കലേക്ക്. അമ്മയെ ഏൽപ്പിക്കാനായിരുന്നു വിശ്രുതന്റെ മറുപടി. എന്നാൽ, അത് ഏറ്റുവാങ്ങാനാകാതെ ബിന്ദുവിനെ വിധി കൂട്ടിക്കൊണ്ടുപോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |