മലയാള സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് 'എമ്പുരാൻ'. മാർച്ച് 27നാണ് ആഗോള റിലീസായി സിനിമ തിയേറ്ററുകളിലെത്തുന്നത്. സിനിമയുടെ റിലീസിനോടനുബന്ധിച്ച് ജീവനക്കാർക്ക് അവധി നൽകിയിരിക്കുകയാണ് കേരളത്തിലെ ഒരു കമ്പനി. കൊച്ചിയിൽ പ്രവർത്തിക്കുന്ന ഒരു സ്റ്റാർട്ടപ്പ് കമ്പനിയാണ് ജീവനക്കാർക്ക് അവധി നൽകിയിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
പത്ത് പേരാണ് ഡിജിറ്റിൽ മാർക്കറ്റിംഗ് കമ്പനിയിലുള്ളതെന്നാണ് വിവരം. കമ്പനിയുടെ ഉടമകൾ കടുത്ത മോഹൻലാൽ ആരാധകരാണ്. സിനിമ കാണാൻ വേണ്ടി മാർച്ച് ഇരുപത്തിയേഴിന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിവരെ അവധി നൽകുമെന്ന് ഉടമകളിലൊരാൾ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. ജീവനക്കാർക്ക് ടിക്കറ്റും ലഭ്യമാക്കും.
2019ൽ റിലീസ് ചെയ്ത ബ്ലോക് ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ എത്തുന്നത്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഖുറേഷി-അബ്രാം / സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് , സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു, സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിംഗ്, സാനിയ അയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ, ജിജു ജോൺ, നന്ദു, മുരുകൻ മാർട്ടിൻ, ശിവജി ഗുരുവായൂർ, മണിക്കുട്ടൻ, അനീഷ് ജി മേനോൻ, ശിവദ, അലക്സ് ഒനീൽ, എറിക് എബണി, കാർത്തികേയ ദേവ്, മിഹയേൽ നോവിക്കോവ്, കിഷോർ, സുകാന്ത്, ബെഹ്‌സാദ് ഖാൻ, നിഖാത് ഖാൻ, സത്യജിത് ശർമ്മ, നയൻ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രത്തിന്റെ താരനിരയ്ക്ക് ഇന്റർനാഷണൽ അപ്പീൽ നൽകുന്നത് ഗെയിം ഓഫ് ത്രോൺസിലൂടെ ലോക പ്രശസ്തനായ ജെറോം ഫ്‌ളിന്നിന്റെ സാന്നിധ്യം ആണ്. ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നീ ബാനറുകളിൽ ആന്റണി പെരുമ്പാവൂർ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ് നിർമ്മാണം. രചന മുരളി ഗോപി, ഛായാഗ്രഹണം സുജിത് വാസുദേവ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |