ന്യൂഡൽഹി: സി.പി.എം ഭരണം കേരളത്തിൽ വ്യവസായത്തെ നശിപ്പിച്ചെന്ന് കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമന്റെ വിമർശനം. മണിപ്പൂർ ബഡ്‌ജറ്റ് ചർച്ചയ്‌ക്ക് രാജ്യസഭയിൽ മറുപടി പറയുകയായിരുന്നു അവർ.
മണിപ്പൂരിൽ സമാധാനം സ്ഥാപിക്കാൻ കേന്ദ്രസർക്കാർ സ്വീകരിച്ച നടപടികൾ വിശദീകരിക്കവെ, ചില സി.പി.എം അംഗങ്ങൾ എതിർത്തതാണ് ധനമന്ത്രിയെ പ്രകോപിപ്പിച്ചത്.
കേരളം സി.പി.എം സർക്കാർ സ്വീകരിച്ച തെറ്റായ വ്യാവസായിക നയങ്ങളുടെ തിരിച്ചടി നേരിടുകയാണ്. അവിടെ ബസിൽ നിന്ന് ലഗേജ് ഇറക്കാൻ യഥാർത്ഥ കൂലിക്ക് പുറമെ നോക്കുകൂലി നൽകണം. ലഗേജ് ഒരാൾ ഇറക്കുമ്പോൾ സി.പി.എം കാർഡുള്ളയാൾ അതു നോക്കിനിൽക്കും. അതിനുള്ള കൂലിയാണത്. അത്തരത്തിലുള്ള കമ്മ്യൂണിസമാണ് കേരളത്തിലെ വ്യവസായത്തെ ഇല്ലാതാക്കിയത്.
മന്ത്രിയുടെ പ്രസ്‌താവനയെ ഇടത് അംഗങ്ങൾ എതിർത്തപ്പോൾ, ഇപ്പോൾ നോക്കുകൂലി ഇല്ലെന്ന് കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പറഞ്ഞതായി
നിർമ്മല സീതാരാമൻ വെളിപ്പെടുത്തി. അതിനർത്ഥം മുൻപ് നിലനിന്നിരുന്നു എന്നാണല്ലോ. തന്റെ പ്രസ്താവനയെ തിരുത്താൻ ശ്രമിക്കേണ്ടെന്നും താൻ ആ മേഖലയിൽ നിന്നുള്ള വ്യക്തിയാണെന്നും പറഞ്ഞു.
സി.പി.എം ഭരിച്ചിരുന്ന പശ്‌ചിമബംഗാളിലും ത്രിപുരയിലും മോശം സാഹചര്യമാണെന്ന് വിമർശിച്ചശേഷമാണ് കേരളത്തെ ആക്രമിച്ചത്.
മണിപ്പൂർ പ്രധാനമന്ത്രി സന്ദർശിക്കാത്തത് സി.പി.ഐ അംഗം സന്തോഷ് കുമാർ അടക്കം ചൂണ്ടിക്കാട്ടി. വയനാട് ദുരന്തമുണ്ടായപ്പോൾ അദ്ദേഹം കേരളത്തിൽ വന്നില്ലേയെന്ന് മന്ത്രി ചോദിച്ചു. തന്റെ നേരെ കമ്മ്യൂണിസ്റ്റ് തന്ത്രവുമായി വരരുത്. നല്ല മറുപടി നൽകാനറിയാം. യു.പി.എ ഭരിച്ചപ്പോഴും മണിപ്പൂരിൽ അക്രമമുണ്ടായെന്നും അന്ന് പ്രധാനമന്ത്രി സന്ദർശനം നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. ഇപ്പോഴത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ദിവസങ്ങളോളം അവിടെ ക്യാമ്പു ചെയ്‌തെന്നും നിർമ്മല സീതാരാമൻ ഓർമ്മിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |