കൊച്ചി: സിനിമയിലെ അക്രമരംഗങ്ങൾ മഹത്വവത്കരിക്കപ്പെടുന്നത് സമൂഹത്തെ സ്വാധീനിക്കുമെന്ന് ഹൈക്കോടതി. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാൽ സർക്കാരിന്റെ ഇടപെടൽ എത്രത്തോളം പ്രതീക്ഷിക്കാനാകുമെന്നും ആരാഞ്ഞു. സിനിമയിലെ വയലൻസ് രംഗങ്ങൾ ഒഴിവാക്കാൻ സർക്കാരിന്റെ പുതിയ സിനിമാ നയത്തിൽ വ്യവസ്ഥകളുണ്ടാകണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അഭിപ്രായപ്പെട്ടപ്പോഴായിരുന്നു പരാമർശം. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട പൊതുതാത്പര്യ ഹർജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.എസ്.സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച്.
കൗമാരക്കാർക്കിടയിൽ അക്രമങ്ങൾ വർദ്ധിച്ചുവെന്നും കൊലപാതകങ്ങൾ പോലും സംഭവിക്കുന്നുവെന്നും വനിതാ കമ്മിഷൻ പറഞ്ഞു. സിനിമയിലെ നായക കഥാപാത്രങ്ങൾ വരെ വയലൻസിനെ മഹത്വവത്കരിക്കുന്നത് ഇതിനൊരു കാരണമാണെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, സിനിമയിൽ കാണിക്കുന്നത് സമൂഹത്തിൽ സംഭവിക്കുന്നതിന്റെ പ്രതിഫലനമാണെന്ന വാദങ്ങളുണ്ടാകാമെന്ന് കോടതി പറഞ്ഞു.
തൊഴിലിടങ്ങളിലെ ജെൻഡർ ബുള്ളിയിംഗ് നിയന്ത്രിക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു. എന്തു ചെയ്യാനാകുമെന്ന് നയരൂപീകരണ സമിതി പരിശോധിക്കുമെന്ന് അഡ്വക്കേറ്റ് ജനറൽ ഉറപ്പ് നൽകി. ഹർജി ഏപ്രിൽ 4ന് വീണ്ടും പരിഗണിക്കും.
എസ്.ഐ.ടിക്കെതിരെ
പരാതി അറിയിക്കാം
ഹേമ റിപ്പോർട്ടിലെ മൊഴികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) പീഡിപ്പിക്കുന്നതായി ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ഹൈക്കോടതിയെ സമീപിക്കാമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. മജിസ്ട്രേട്ടിന് മുന്നിൽ മൊഴി നൽകണമെന്നാവശ്യപ്പെട്ട് നിരന്തരം നോട്ടീസ് നൽകി പലരെയും പൊലീസ് പീഡിപ്പിക്കുന്നതായി നിർമ്മാതാവ് സജിമോൻ പാറയിലാണ് ആരോപിച്ചത്. പരാതിയുള്ളവരോട് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീംകോടതി പറഞ്ഞത്. ഇതുവരെ ആരും എത്തിയിട്ടില്ല. കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെങ്കിൽ നോട്ടീസ് കിട്ടിയവർക്ക് അത് മജിസ്ട്രേട്ടിന് മുമ്പാകെ അറിയിക്കാൻ സ്വാതന്ത്ര്യമുണ്ട്. മൗനംപാലിക്കുന്നതു കൊണ്ടാകാം തുടർച്ചയായി നോട്ടീസ് കിട്ടുന്നതെന്നും കോടതി പരാമർശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |