കൊച്ചി: സ്വാമി ശാശ്വതികാനന്ദയുടേത് മുങ്ങിമരണമാണെന്ന് വിവിധ അന്വേഷണങ്ങളിൽ സ്ഥിരീകരിച്ചതാണെന്നും കേസിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്നും ഹൈക്കോടതി. ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണം ആവശ്യപ്പെട്ട് ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ (പാലക്കാട്) സമർപ്പിച്ച ഹർജി തള്ളിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്.
2002 ജൂലായ് ഒന്നിന് ആലുവ പെരിയാറിലെ കുളിക്കടവിലാണ് സ്വാമി ശാശ്വതികാനന്ദയെ മരിച്ച നിലയിൽ കണ്ടത്. കേസിൽ ലോക്കൽ പൊലീസിന്റെ രണ്ട് സംഘങ്ങളും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘവും പല ഘട്ടങ്ങളായി അന്വേഷണവും തുടരന്വേഷണവും നടത്തിയതാണെന്ന് സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി. എല്ലാ അന്വേഷണത്തിലും മുങ്ങിമരണമാണെന്ന കണ്ടെത്തലാണുള്ളത്. സി.ബി.ഐ അന്വേഷണാവശ്യം ഹൈക്കോടതിയും സുപ്രീം കോടതിയും നേരത്തേ തള്ളിയതാണെന്നും സിംഗിൾ ബെഞ്ച് ചൂണ്ടിക്കാട്ടി.
എല്ലാ അന്വേഷണങ്ങളും വിരൽ ചൂണ്ടിയത് മുങ്ങി മരണത്തിലേക്ക്
സ്വാമി ശാശ്വതികാനന്ദയുടെ മരണം സംബന്ധിച്ച പരാതികളിൽ പലവട്ടം വിവിധ സംഘങ്ങൾ അന്വേഷണം നടത്തിയെങ്കിലും മുങ്ങിമരണമല്ലെന്നു തെളിയിക്കാൻ സഹായകമായ വസ്തുതകളൊന്നും ലഭിച്ചില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ആലുവ സി.ഐയുടെ നേതൃത്വത്തിൽ 56 സാക്ഷികളെയടക്കം വിസ്തരിച്ച് പൊലീസ് നടത്തിയ ആദ്യ അന്വേഷണത്തിൽ മുങ്ങിമരണമാണെന്നാണ് കണ്ടെത്തിയത്. സ്വാമിയുടെ ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് എറണാകുളം റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ വീണ്ടും അന്വേഷണം നടത്തി. 2004 ജൂലായ് 28ന് എസ്.പി., ഫോർട്ടു കൊച്ചി സബ്കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ടിലും മുങ്ങിമരണമെന്നായിരുന്നു കണ്ടെത്തൽ.
സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് സ്വാമിയുടെ ബന്ധുക്കളും സ്വാമി ശിവാനന്ദയും ഹൈക്കോടതിയെ സമീപിച്ചു. ഹർജിയും അപ്പീലുകളും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയെങ്കിലും 2007 മാർച്ച് 28ന് തുടരന്വേഷണത്തിനായി സംസ്ഥാന സർക്കാർ എറണാകുളം ക്രൈംബാഞ്ച് എസ്.പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം (എസ്.ഐ.ടി) രൂപീകരിച്ചു. മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ച് 2013 ഡിസംബർ 31ന് എസ്.ഐ.ടി റിപ്പോർട്ട് സമർപ്പിച്ചു. പോസ്റ്റ്മോർട്ടം, രാസപരിശോധനാ റിപ്പോർട്ടുകളടക്കം വിലയിരുത്തിയായിരുന്നു നിഗമനം.
സ്വാമിയുടെ സഹായിയും കേസിലെ ദൃക്‌സാക്ഷിയുമായ സാബു, ഡ്രൈവർ സുഭാഷ് എന്നിവരുടെ പെരുമാറ്റം സംശയാസ്പദമാണെന്ന ആരോപണത്തിൽ ഇവരുടെ നുണ പരിശോധനയടക്കം നടത്തി.
സ്വാമിയുടെ തലയിൽ കണ്ട മുറിവ് സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തിയാണ് നരഹത്യാ സാദ്ധ്യത തള്ളിയത്. ക്രൈംബ്രാഞ്ചിന്റ ഈ റിപ്പോർട്ടിനെ ചോദ്യം ചെയ്താണ് ഹർജിക്കാർ ഹൈക്കോടതിയിലെത്തിയത്.ഡോ. ബിജു രമേശിന്റെ വെളിപ്പെടുത്തലും വാദത്തിനിടെ ഹർജിക്കാർ ഉന്നയിച്ചിരുന്നു. ശാശ്വതികാനന്ദ കൊല്ലപ്പെട്ടതാണെന്ന് പ്രിയൻ എന്നയാൾ പറഞ്ഞിട്ടുണ്ടെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. തുടർന്ന് പ്രിയനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ബിജു രമേശിന്റെ മൊഴിയെടുക്കുകയും ചെയ്തു. എന്നാൽ തെളിവുകൾ ഉണ്ടായിരുന്നില്ല. മുങ്ങിമരണമാണെന്ന് ആവർത്തിച്ച് 2021 ഫെബ്രുവരി 6ന് എസ്.ഐ.ടി. അന്തിമ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത്രയും നടപടിക്രമങ്ങളുണ്ടായ കേസിൽ കൂടുതൽ അന്വേഷണം ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |