SignIn
Kerala Kaumudi Online
Thursday, 05 March 2026 2.55 PM IST

'റമദാൻ മാസത്തിൽ വേണമായിരുന്നോ?​'; ആറ്റുകാൽ പൊങ്കാലയിട്ട റെനീഷ റഹ്‌മാന് വിമർശനം, മൂന്ന് ഉത്തരങ്ങളുമായി താരം

Increase Font Size Decrease Font Size Print Page
raneesha

സീരിയലുകളിലൂടെയും മോഹൻലാൽ അവതാരകനായെത്തിയ ബിഗ്‌ബോസ് ഷോയിലൂടെയും ശ്രദ്ധേയമായ താരമാണ് റെനീഷ റഹ്‌മാൻ. കഴിഞ്ഞ ദിവസങ്ങളിൽ താരം ആദ്യമായി ആറ്റുകാൽ പൊങ്കാല ഇട്ടതിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. നോമ്പ് തുറന്ന് ആറ്റുകാൽ പൊങ്കാലയിടാൻ തിരുവന്തപുരത്തേക്ക് പോകുകയാണെന്ന് പറയുന്ന വീഡിയോയും പൊങ്കാല ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെ റെനീഷയ്ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണങ്ങളാണ് ഉണ്ടായത്. ആദ്യത്തെ ആറ്റുകാൽ പൊങ്കാല എന്ന ക്യാപ്ഷനോടുകൂടിയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.

ഇതൊക്കെ മുസ്ലീം എന്ന് പറഞ്ഞിട്ട് എന്താണ് കാണിക്കുന്നത്?​റമദാൻ മാസത്തിൽ തന്നെ വേണമായിരുന്നോ?​എന്ന തരത്തിലുള്ള കമന്റുകളാണ് ഇപ്പോൾ റെനീഷയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതുപോലെ താരത്തെ പിന്തുണച്ചുകൊണ്ടുള്ള കമന്റുകളും പോസ്റ്റിന് ലഭിക്കുന്നുണ്ട്. ഇതാണ് റിയൽ കേരള സ്റ്റോറിയെന്ന തരത്തിലുള്ള കമന്റുകൾ നിറയുന്നുണ്ട്. ഇപ്പോഴിതാ ഈ കമന്റുകൾക്കെല്ലാം മറുപടിയുമായി റെനീഷ രംഗത്തെത്തിയിട്ടുണ്ട്.

പൊങ്കാല ദിവസത്തേക്കാള്‍ തിരക്ക് തന്റെ കമന്റ് ബോക്‌സിലുണ്ടെന്നാണ് റെനീഷ പറയുന്നത്. തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറയുന്ന താരം താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും പറയുന്നുണ്ട്. വിശ്വാസത്തോടേയും ബഹുമാനത്തോടേയും തന്നെയാണ് പൊങ്കാലയിട്ടതെന്നും റെനീഷ പറയുന്നു.

റെനീഷയുടെ വാക്കുകൾ

ഇന്നലെ ഞാനൊരു പൊങ്കാലയിട്ടു. ആറ്റുകാല്‍ ക്ഷേത്രത്തിലെ അമ്മയ്ക്കുവേണ്ടി. പൊങ്കാലയ്ക്ക് ഇഷ്ടം പോലെ ആള്‍ക്കാര്‍ വന്നിരുന്നു. ഭയങ്കര തിരക്കായിരുന്നു. പക്ഷെ അതിനേക്കാള്‍ തിരക്കുണ്ട് ഇപ്പോള്‍ എന്റെ ഇന്‍സ്റ്റഗ്രാമിലേയും ഫെയ്‌സ്ബുക്കിലേയും കമന്റ് സെക്ഷനില്‍ നെഗറ്റീവ് പറയാന്‍ നില്‍ക്കുന്നവരുടെ ക്യൂവില്‍. എന്ത് മാത്രം നെഗറ്റിവിറ്റിയാണ് എനിക്ക് കിട്ടുന്നതെന്ന് അറിയാമോ? രാവിലെ മുതല്‍ ഞാനിത് കാണുന്നുണ്ട്. ആദ്യം കരുതിയത് അവഗണിക്കാമെന്നാണ്. കാരണം ഞാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് എനിക്ക് അറിയാമല്ലോ. പക്ഷെ ഇത് കൂടിക്കൂടി വരികയാണ്. രണ്ട് മൂന്ന് കമന്റുകള്‍ എനിക്ക് ഡിലീറ്റ് ചെയ്യേണ്ടിയും വന്നു.

ഒരു വിഭാഗം പറയുന്നത് എനിക്ക് ജോലിയില്ലെന്നും അതിനാല്‍ അറ്റന്‍ഷന്‍ കിട്ടാന്‍ വേണ്ടിയുള്ള പ്രഹസനം ആണെന്നാണ്. രണ്ടാമതൊരു വിഭാഗം പറയുന്നത് വിശ്വാസത്തോടേയും ബഹുമാനത്തോടേയും ചെയ്തതല്ല, വെറും ഷോ ഓഫ് ആണെന്നാണ്. ഇവര്‍ക്കൊരു മറുപടി കൊടുക്കണമെന്ന് തോന്നി. ആദ്യം പറഞ്ഞവരോട്, എല്ലാ മാസവും ഒന്ന് മുതല്‍ 15 വരെ സുഖമോ ദേവി സീരിയല്‍ ചെയ്യുന്നുണ്ട്. 16 മുതല്‍ 30 വരെ സീ കേരളത്തില്‍ ചെമ്പരത്തി എന്നൊരു സീരിയല്‍ ചെയ്യുന്നുണ്ട്. 30 ദിവസമല്ലേയുള്ളൂ ഒരു മാസത്തില്‍. ആ മുപ്പത് ദിവസവും എനിക്ക് വര്‍ക്കുണ്ട്. ഇത് കൂടാതെ ഇന്‍സ്റ്റഗ്രാം കൊളാബ്, പ്രൊമോഷന്‍ വിഡിയോ, ഉദ്ഘാടനങ്ങള്‍, വ്‌ളോഗിംഗ് എല്ലാം ഞാന്‍ ചെയ്യുന്നുണ്ട്. എനിക്ക് ജോലിയുമുണ്ട് കൂലിയുമുണ്ട് സമ്പാദ്യവുമുണ്ട്.

രണ്ടാമത് പറഞ്ഞവരോട്, ഞാന്‍ 12 വര്‍ഷത്തോളം പഠിച്ചത് ചിന്‍മയ വിദ്യാലയത്തിലാണ്. അറിയുന്നവര്‍ക്കറിയാം ഞങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ ഗായത്രി മന്ത്രവും ഭഗവത്ഗീതയും ഹനുമാന്‍ ചാലിസയുമൊക്കെ വച്ചിട്ടാണ്ട്. അതുകൊണ്ട് തന്നെ എനിക്ക് പള്ളിയില്‍ പോകുമ്പോള്‍ കിട്ടുന്ന പോസിറ്റിവിറ്റി അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചാലും കിട്ടാറുണ്ട്. നൂറ് ശതമാനം പ്രാര്‍ത്ഥനയോടും വിശ്വാസത്തോടേയും തന്നെയാണ് ഞാന്‍ പൊങ്കാലയിട്ടത്.

ചിലര്‍ പറയുന്നുണ്ട് അത്രയും നല്ലൊരു വേളയില്‍ പോയി ഞാനതിനോട് അനാദരവ് കാട്ടിയെന്നും കുളമാക്കിയെന്നും. ഞാന്‍ പൊങ്കാലയിടാന്‍ പോകും മുമ്പ് പലരോടും ചോദിച്ചു എന്തെങ്കിലും പ്രശ്‌നമുണ്ടാകുമോ എന്ന്. അവരെല്ലാം പറഞ്ഞത് ജാതി-മത-വര്‍ണഭേദമില്ലാതെ വിശ്വാസത്തോടെ ഏതൊരു സ്ത്രീയ്ക്കും മനസും ശരീരവും ശുദ്ധമാണെങ്കില്‍ ഇടാവുന്നതാണ് പൊങ്കാല എന്നാണ്. അതെല്ലാം പിന്തുടര്‍ന്ന് മനസും ശരീരവും ശുദ്ധമാക്കി വിശ്വാസത്തോടെ തന്നെയാണ് ഞാന്‍ പൊങ്കാലയിട്ടത്. ഞാനൊരു അനാദരവും കാണിച്ചിട്ടില്ല. ചെയ്യാറുമില്ല.

എന്നെ ഞെട്ടിക്കുന്നൊരു കാര്യം, നോമ്പിന്റെ തുടക്കസമയത്ത് ഹിന്ദു കുടുംബത്തില്‍ നിന്നുള്ളൊരു ചേച്ചി ഒരു വിഡിയോ ചെയ്തു. ജീവിതത്തില്‍ ആദ്യത്തെ നോമ്പിനെക്കുറിച്ച്. ഭയങ്കര പോസിറ്റീവ് വൈബുള്ളൊരു വിഡിയോയാണ്. അതിന്റെ കമന്റ്‌സ് നോക്കുമ്പോള്‍ ഇതായിരിക്കണം നമ്മുടെ കേരളം എന്ന് തോന്നിപ്പിക്കുന്ന രീതിയിലുള്ള പോസിറ്റീവ് കമന്റുകളാണ്. ഒരു നെഗറ്റീവ് കമന്റു പോലും ഞാന്‍ കണ്ടില്ല. പക്ഷെ പത്ത് ദിവസത്തിന് ഇപ്പുറം ഞാനൊരു പൊങ്കാലയിട്ടപ്പോള്‍ എന്തിനാണ് ഇത്ര നെഗറ്റിവിറ്റി?

TAGS: CYBER ATTACK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.