തിരുവനന്തപുരം: ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 27,28 തീയതികളിൽ ബി.ജെ.പിയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് നടയിൽ സ്ത്രീകളുടെ രാപകൽ സമരം നടത്തുമെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. കഴിഞ്ഞദിവസം ചേർന്ന പാർട്ടി സംസ്ഥാന നേതൃയോഗത്തിലെ തീരുമാനപ്രകാരമാണിത്. ആശമാരുടെ സമരത്തെ അട്ടിമറിക്കാൻ സി.പി.എം നീക്കം നടത്തുകയാണ്.ഇടതുസർക്കാരിന്റെ കേന്ദ്രവിരുദ്ധ പ്രചാരണത്തിന്റെ പൊള്ളത്തരം തുറന്നുകാണിക്കാൻ ക്യാമ്പയിൻ നടത്തും. മുനമ്പം ഭൂമി പ്രശ്നത്തിൽ ഇടത്, വലത് മുന്നണികളുടെ ഇരട്ടത്താപ്പിനെതിരെയും പ്രചാരണം നടത്തും. ലഹരിമാഫിയയ്ക്കെതിരെ മാർച്ച് 23 മുതൽ 30 വരെ 280 മണ്ഡലങ്ങളിലും ജാഗ്രതാസദസുകൾ സംഘടിപ്പിക്കും.കടൽമണൽ ഖനനവുമായി ബന്ധപ്പെട്ട വ്യാജപ്രചാരണത്തിനെതിരെ ഏപ്രിൽ 5ന് കൊല്ലത്ത് ബഹുജന സമ്മേളനം നടത്തും. തിരുവനന്തപുരത്ത് സെമിനാറും സംഘടിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങളെ ഞെക്കി കൊല്ലുന്നതിനെതിരെ പ്രക്ഷോഭം നടത്തും. പദയാത്രകളും ഗൃഹസമ്പർക്കവും സംഘടിപ്പിക്കും.
ശാരദാപ്രതിഷ്ഠാ വാർഷികം:
ധർമ്മമീമാംസാ പരിഷത്ത് സംഘടിപ്പിക്കും
ശിവഗിരി: ശ്രീനാരായണ ഗുരുദേവൻ ശിവഗിരിയിൽ ശ്രീ ശാരദാദേവിയെ പ്രതിഷ്ഠിച്ചതിന്റെ ഭാഗമായി വർഷംതോറും ചിത്ര പൗർണമി കാലത്ത് ശിവഗിരിയിൽ നടത്തുന്ന ശ്രീനാരായണ ധർമ്മമീമാംസാ പരിഷത്തിന്റെ മുന്നോടിയായി നാടാകെ പരിഷത്തുകൾ നടത്തും. മെയ് 10,11,12 ദിവസങ്ങളിലാണ് ശിവഗിരി പരിഷത്ത്. ശിവഗിരി മഠം ശാഖാ സ്ഥാപനങ്ങളിലും മറ്റു കേന്ദ്രങ്ങളിലുമാകും ഈ വിജ്ഞാനോത്സവം നടക്കുക. സഭാ യൂണിറ്റ്, മണ്ഡലം, ജില്ലാ കമ്മിറ്റികളും ഇതര ഗുരുദേവ പ്രസ്ഥാനങ്ങളും പരിഷത്തിൽ പങ്കെടുക്കും. ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരും വിവിധ തുറകളിലെ പ്രമുഖരും നയിക്കുന്ന പഠനക്ലാസുകൾ ഉണ്ടാകും. ഗുരുദേവ കൃതികളും ദർശനവും ആനുകാലിക സംഭവങ്ങളും ചർച്ചാ വിഷയമാകുമെന്ന് ഗുരുധർമ്മ പ്രചരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അറിയിച്ചു.
അദ്ധ്യാപക നിയമനം നടത്തണം:കെ.പി.എസ്.ടി.എ
തിരുവനന്തപുരം: അദ്ധ്യാപക നിയമനത്തിൽ സുപ്രീംകോടതി വിധി വന്നിട്ടും എൻ.എസ്.എസ് സ്കൂളുകളിലെ നിയമനങ്ങൾ മാത്രമേ അംഗീകരിക്കൂ എന്ന സർക്കാർ നിലപാട് മാറ്റണമെന്ന് കെ.പി.എസ്.ടി.എ സംസ്ഥാനസമിതി ആവശ്യപ്പെട്ടു.
പൊതുവിദ്യഭ്യാസ മേഖലയെ തകർക്കുന്ന നീക്കത്തിൽനിന്നും സർക്കാർ പിൻതിരിയണം. ആയിരക്കണക്കിന് അദ്ധ്യാപകർ ആത്മഹത്യയുടെ വക്കിലാണ്. കോടതിവിധി നടപ്പിലാക്കി മുഴുവൻ അദ്ധ്യാപക നിയമനങ്ങൾക്കും അംഗീകാരം നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.അബ്ദുൽ മജീദ് അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽ കുമാർ, ഭാരവാഹികളായ ബി.സുനിൽകുമാർ, എൻ.രാജ്മോഹൻ, ബി.ബിജു, അനിൽവെഞ്ഞാറമൂട്, ടി.യു.സാദത്ത്, പി.എസ് ഗിരീഷ്കുമാർ, സാജുജോർജ്, ജി.കെ.ഗിരീഷ്, ജോൺ ബോസ്കോ, പി.വിനോദ്കുമാർ, പി.എസ്.മനോജ്, എം.കെ അരുണ,ഹരിലാൽ പി.പി, പി.എം ശ്രീജിത്ത്, സന്ധ്യ സി.വി, എന്നിവർ പങ്കെടുത്തു.
അദ്ധ്യാപക നിയമനം;
സമരം തുടങ്ങുമെന്ന്
എയ്ഡഡ് മാനേജ്മെന്റ്
തിരുവനന്തപുരം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് അദ്ധ്യാപക നിയമനത്തിൽ സുപ്രീം കോടതി വിധി എൻ.എസ്.എസ് സ്കൂളുകളിലെ നിയമനങ്ങളിൽ മാത്രമേ അംഗീകരിക്കൂ എന്ന സർക്കാർ നിലപാടിനെതിരെ പ്രതിഷേധിക്കുമെന്ന് എയ്ഡഡ് മാനേജ്മെന്റ് അസോസിയേഷൻ. ഭിന്നശേഷി സംവരണം പാലിച്ച് തസ്തികകൾ മാറ്റിവച്ചിട്ടും വിദ്യാലയങ്ങളിൽ നിയമിക്കപ്പെടാൻ യോഗ്യരായ ഭിന്നശേഷിക്കാരില്ലെന്ന വസ്തുത ബോദ്ധ്യപ്പെട്ടിട്ടും നിയമനാംഗീകാരം നൽകുന്നില്ല. ഇത് ഉദ്യോഗാർത്ഥികളോടും എയ്ഡഡ് വിദ്യാലയങ്ങളോടുമുള്ള നീതിനിഷേധമാണ്. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ 2025-26വർഷത്തെ ഫിറ്ര്നസ് നടപടികൾ പൂർണമായി നിറുത്തിവച്ച് ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ജനറൽ സെക്രട്ടറി മണി കൊല്ലം പറഞ്ഞു.
ആഴക്കടൽ മത്സ്യബന്ധനം: ലൈസൻസ് ഫീ ഇല്ല
ന്യൂഡൽഹി: പരമ്പരാഗത മത്സ്യതൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിനായി ലൈസൻസ് ഫീസ് ഏർപ്പെടുത്താൻ നിർദ്ദേശമില്ലെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി ജോർജ് കുര്യൻ ലോക്സഭയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചു. 12 നോട്ടിക്കൽ മൈലിനുള്ളിൽ ഫീസ് ചുമത്തുന്നത് അടക്കം അടക്കം അധികാരം സംസ്ഥാന സർക്കാരിനാണ്. സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന മത്സ്യതൊഴിലാളികൾക്ക് പ്രധാനമന്ത്രി മത്സ്യ സമ്പദാ യോജനയ്ക്കു (പി.എം.എം.എസ്.വൈ) കീഴിൽ സാമ്പത്തികസഹായം നൽകുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |