ആലപ്പുഴ : 17വർഷമായി ഒപ്പ് രേഖപ്പെടുത്തി വന്ന രജിസ്റ്റർ ബുക്കിന് പകരം പട്ടികജാതിക്കാരായ രണ്ട് ജീവനക്കാർക്കായി ആലപ്പുഴ കളക്ടറേറ്റിൽ പ്രത്യേകം ഹാജർ ബുക്ക് വച്ചതായി പരാതി. റവന്യു വകുപ്പിൽ കളക്ടറുടെ കൺട്രോൾ റൂമിൽ ചൗകിദാർ (ഓഫീസ് അസിസ്റ്റന്റ്) ആയി ജോലി ചെയ്യുന്ന വള്ളികുന്നം കടുവിനാൽ ജ്യോതിസ് ഭവനിൽ ടി.രഞ്ജിത്താണ് ഇത് സംബന്ധിച്ച് പട്ടികജാതി കമ്മീഷന് പരാതി നൽകിയത്.
ഭർത്താവ് നേരിടുന്ന മാനസിക പീഡനം നവീൻബാബുവിന്റെ ചരിത്രം ആവർത്തിക്കാൻ ഇടയാക്കുന്നതാണെന്ന് ഭയപ്പെടുന്നതായി രഞ്ജിത്തിന്റെ ഭാര്യ കൃഷ്ണപ്രിയ ഗവർണർ, ഡി.ജി.പി, ജില്ലാ പൊലീസ് മേധാവി അടക്കമുള്ളവർക്കും പരാതി നൽകി.2007 മുതൽ കൺട്രോൾ റൂം ജീവനക്കാരായ ടൈപ്പിസ്റ്റുകൾ ഒപ്പിടുന്ന രജിസ്റ്ററിലാണ് താനും ഒപ്പം ജോലി ചെയ്യുന്ന രഘുനാഥും ഒപ്പിടുന്നതെന്ന് രഞ്ജിത്ത് പരാതിയിൽ പറയുന്നു. ഇരുവർക്കും കൺട്രോൾ റൂമിൽ നൈറ്റ് ഡ്യൂട്ടിയാണ്. ഈ വർഷം ജനുവരി ഒന്ന് മുതൽ ഇരു ജീവനക്കാരും താൽക്കാലിക ജീവനക്കാർ ഒപ്പിടുന്ന രജിസ്റ്ററിൽ ഒപ്പിട്ടാൽ മതിയെന്ന് ഹുസൂർ ശിരസ്താർ ആവശ്യപ്പെട്ടു. ഒരു ദിവസം ആ രജിസ്റ്ററിൽ ഒപ്പിട്ടു. വിവരാവകാശ പ്രകാരം അപേക്ഷ നൽകിയതോടെ ഈ രജിസ്റ്ററിന് പകരം പട്ടികജാതിക്കാരായ തനിക്കും രഘുനാഥിനും മാത്രമായി പ്രത്യേക ഹാജർ ബുക്ക് വച്ചതായും പരാതിയിൽ പറയുന്നു. പ്രവർത്തന മികവിന് മൂന്ന് തവണ ഗുഡ് സർവീസ് എൻട്രി നേടിയിട്ടുള്ള രഞ്ജിത്ത് മുൻ കളക്ടറേറ്റ് സ്റ്റാഫ് കൗൺസിൽ സെക്രട്ടറിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |