കൊച്ചി: ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ജാതിവിവേചന വിവാദത്തെ തുടർന്ന് തസ്തികമാറ്റം ആവശ്യപ്പെട്ട കഴകം ജീവനക്കാരൻ തിരുവനന്തപുരം സ്വദേശി ബി.എ. ബാലു സാഹചര്യം വിശദമാക്കേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ തസ്തിക മാറ്റം അനുവദിക്കണമെന്നാണ് കൂടൽമാണിക്യം ദേവസ്വം മാനേജിംഗ് കമ്മിറ്റിക്കയച്ച കത്തിൽ ബാലു അഭ്യർത്ഥിച്ചിരുന്നത്. ഈ സാഹചര്യം എന്തെന്ന് വിശദമാക്കാൻ ആവശ്യപ്പെടാനാണ് ഇന്നലെ ചേർന്ന കമ്മിറ്റിയോഗത്തിൽ ഉണ്ടായ തീരുമാനം. 15 ദിവസം മെഡിക്കൽ അവധി വേണമെന്ന ബാലുവിന്റെ അപേക്ഷയിൽ ചർച്ചയുണ്ടായില്ല. വിവാദത്തിന് ശേഷമുള്ള ആദ്യയോഗമായിരുന്നു ഇന്നലത്തേത്. കമ്മിറ്റിയിൽ തന്ത്രിമാരുടെ പ്രതിനിധിയായ നെടുമ്പിള്ളി ഗോവിന്ദൻ നമ്പൂതിരി പങ്കെടുത്തില്ല. ഈഴവ സമുദായാംഗമായ ബാലു കഴകക്കാരനായി ഫെബ്രുവരി 24ന് ചുമതലയേറ്റതിനെ തുടർന്ന് തന്ത്രിമാർ ക്ഷേത്രബഹിഷ്കരണ സമരം നടത്തിയതാണ് വിവാദത്തിന് കാരണമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |