മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രത്തിന്റെ തുടർചിത്രീകരണം ഏപ്രിൽ ആദ്യം പൂനെയിൽ ആരംഭിക്കും. ഒരുമാസത്തെ ചിത്രീകരണമാണ് പൂനെയിൽ പ്ളാൻ ചെയ്യുന്നത്. മോഹൻലാൽ, മാളവിക മോഹനൻ, ലാലു അലക്സ്, ബാബുരാജ്, സംഗീത, സ്രിന്ധ, സംഗീത് പ്രതാപ് ഉൾപ്പെടുന്ന താരങ്ങൾ പൂനെ ഷെഡ്യൂളിലുണ്ട്. കൊച്ചിയിലെ ചിത്രീകരണത്തിനുശേഷം വണ്ടിപ്പെരിയാറിലും ഹൃദയപൂർവത്തിന്റെ ചിത്രീകരണം ഉണ്ടായിരുന്നു. സന്ദീപ് ബാലകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ നായികയായി മാളവിക മോഹനൻ ആദ്യമയാണ്. ചിന്താവിഷ്ടയായ ശ്യാമളയിലൂടെ പ്രിയങ്കരിയായി മാറിയ സംഗീത ആദ്യമായി സത്യൻ അന്തിക്കാട് ചിത്രത്തിന്റെ ഭാഗമാകുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. പ്രേമലുവിലൂടെ ശ്രദ്ധേയനായ സംഗീത് പ്രതാപ് ജെറി എന്ന മുഴുനീള കഥാപാത്രമായാണ് എത്തുന്നത്. അഖിൽ സത്യന്റെ കഥയ്ക്ക് നവാഗതനായ സോനു ടി.പി. തിരക്കഥയും സംഭാഷണവും എഴുതുന്നു. അനു മൂത്തേടത്ത് ഛായാഗ്രഹണം നിർവഹിക്കുന്നു. ജസ്റ്റിൻ പ്രഭാകരൻ ആണ് സംഗീത സംവിധാനം. സത്യൻ അന്തിക്കാടിന്റെ മകൻ അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും സിനിമയിലൂടെയാണ് തമിഴിലെ പ്രശസ്ത സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരൻ മലയാളത്തിൽ എത്തുന്നത്. പ്രശാന്ത് മാധവ് ആണ് പ്രൊഡക്ഷൻ ഡിസൈനർ. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് നിർമ്മാണം. എന്നും എപ്പോഴും എന്ന സിനിമയിലാണ് മോഹൻലാലും സത്യൻ അന്തിക്കാടും അവസാനം ഒരുമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |