വിതുര: വേനൽ ആരംഭിച്ചതോടെ മലയോരമേഖല കുടിവെള്ളക്ഷാമത്തിന്റെ പിടിയിലായി.
അസഹ്യമായ ചൂടും ജലക്ഷാമവും കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ജനം. ഇടയ്ക്ക് വേനൽമഴ പെയ്യുന്നുണ്ടെങ്കിലും ചൂടിനും കുടിവെള്ളക്ഷാമത്തിനും ഒരറുതിയില്ല. വിതുര,തൊളിക്കോട് പഞ്ചായത്തുകളിലെ ഉയർന്ന പ്രദേശങ്ങളാണ് ഏറെ പ്രശ്നം. ഇവിടങ്ങളിൽ പലസ്ഥലത്തും പൈപ്പ് ലൈൻ ഇതുവരെ കടന്നുവന്നിട്ടില്ല. ആകെ ആശ്രയമായ കിണറുകൾ വറ്റിയതോടെ നദിതീരങ്ങൾ തേടി നടക്കേണ്ട അവസ്ഥയാണ്. വരൾച്ചകാരണം നദികളുടെ അവസ്ഥ പരിതാപകരമാണ്. ജലക്ഷാമം വർദ്ധിക്കുന്ന സാഹചര്യത്തിൽ വരും നാളുകളിൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ട അവസ്ഥയാകും.
പരിഹാരമില്ലാതെ...
എല്ലാ വേനൽക്കാലത്തും മലയോരമേഖലയിൽ കുടിവെള്ളക്ഷാമം പ്രധാന പ്രശ്നമാണ്. എന്നാൽ ഇതിന് ശാശ്വതമായ പരിഹാരം കാണാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ആക്ഷേപം. പത്തു വർഷങ്ങൾക്ക് മുമ്പ് ആവിഷ്കരിച്ച വിതുര-തൊളിക്കോട് ശുദ്ധജല പദ്ധതി ഇനിയും പൂർത്തിയായിട്ടില്ല. പദ്ധതിയുടെ അവസാനഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നാണ് അധികൃതർ പറയുന്നത്. ജലജീവൻ മിഷന്റെ ഭാഗമായി പഞ്ചായത്തുകളിൽ കുടിവെള്ളവിതരണം നടത്തിയെങ്കിലും പദ്ധതി പൂർണമായി പ്രയോജനപ്പെട്ടിട്ടില്ല. മിക്കപ്പോഴും ജലവിതരണവും തടസപ്പെടുന്നു. കിട്ടുന്നതാകട്ടെ മിക്കപ്പോഴും ഉപയോഗിക്കാനും കഴിയില്ല.
നദികളും വറ്റുന്നു
കടുത്തചൂടിനെ തുടർന്ന് നീരുറവകളും നീർച്ചാലുകളും വറ്റിക്കഴിഞ്ഞു. കിണറുകളിലും വറ്റിത്തുടങ്ങി. വാമനപുരം, കരമനയാർ നദികളിലെ ജലനിരപ്പും താഴ്ന്നു. ഡാമുകളിലെ അവസ്ഥയും വിഭിന്നമല്ല. ടാങ്കർലോറികളിലും മറ്റുമായി ശുദ്ധജലവിതരണം നടത്തേണ്ടിവരുമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
അതേസമയം, അതിന്റെ സാഹചര്യം നിലവിലില്ലെന്നാണ് പഞ്ചായത്തിന്റെ മറുപടി.
പൈപ്പ് പൊട്ടി ജലം പാഴാകുന്നു
കുടിവെള്ളത്തിനായി ബുദ്ധിമുട്ടുമ്പോഴും മിക്ക മേഖലകളിലും പൈപ്പ് പൊട്ടലും മുറപോലെ നടക്കുന്നുണ്ട്. വിതുര,തൊളിക്കോട് പഞ്ചായത്തുകളിലായി നാലിടങ്ങളിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായി ഒഴുകുന്നു. അതേസമയം പൊന്മുടി,ചുള്ളിമാനൂർ റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി റോഡരികിലുണ്ടായിരുന്ന പൈപ്പുകൾ മാറ്റിയിട്ടും ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ല. പൈപ്പ് ലൈനിന്റെ പണിയും പൂർത്തിയായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |