മുംബയ്: ശിവസേന എംഎൽഎ ആദിത്യ താക്കറെക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന ആവശ്യവുമായി അന്തരിച്ച നടൻ സുശാന്ത് സിംഗ് രാജ്‌പുതിന്റെ മാനേജറുടെ പിതാവ് ബോംബെ ഹൈക്കോടതിയിൽ. 2020 ജൂണിൽ അന്തരിച്ച ദിഷ സാലിയന്റെ പിതാവ് സതീഷ് സാലിയൻ ആണ് കോടതിയിൽ ഹർജി സമർപ്പിച്ചത്.
2020 ജൂൺ എട്ടിന് മുംബയ് മലദിലെ ഒരു കെട്ടിടത്തിന്റെ 14ാം നിലയിൽ നിന്ന് വീണാണ് ദിഷ മരിച്ചത്. അപകട മരണത്തിന് അന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ദിഷ മരിച്ച് ആറ് ദിവസത്തിന് ശേഷമാണ് സുശാന്തിനെ ബാന്ദ്രയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദിഷയുടെ മരണം ആത്മഹത്യയാണെന്നായിരുന്നു പൊലീസ് പറഞ്ഞത്. കേസ് സിബിഐയ്ക്ക് കൈമാറുകയും ചെയ്തിരുന്നു. മകളുടെ മരണത്തിൽ സംശയമൊന്നുമില്ലെന്നായിരുന്നു 2020ൽ സതീഷ് പറഞ്ഞത്. ഇപ്പോൾ സമർപ്പിച്ച ഹർജിയിൽ മകൾ ബലാത്സംഗത്തിന് ഇരയായെന്നാണ് സതീഷ് സാലിയൻ ആരോപിക്കുന്നത്.
ജൂൺ എട്ടിന് ദിഷ വീട്ടിൽ ഒരു പാർട്ടി നടത്തിയിരുന്നു. പാർട്ടിയിൽ ആദിത്യ താക്കറെയും നടന്മാരായ സൂരജ് പഞ്ചോളിയും ദിനോ മോറിയയും പങ്കെടുത്തു. മകൾ ക്രൂരമായ പീഡനത്തിന് ഇരയായതിന് ദൃക്‌സാക്ഷികളുണ്ടെന്നും സതീഷ് ഹർജിയിൽ പറയുന്നു. 14ാം നിലയിൽ നിന്ന് വീണിട്ടും ദിഷയുടെ ശരീരത്തിൽ പൊട്ടലുകളില്ലായിരുന്നു. മൃതശരീരം കിടന്നയിടത്ത് രക്തക്കറയില്ലായിരുന്നുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ആദിത്യയ്ക്കും നടന്മാർക്കുമെതിരെ കഴിഞ്ഞവർഷം ജനുവരിയിൽ പരാതി നൽകിയെന്നും എന്നാൽ സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ലെന്നും സതീഷ് സാലിയന്റെ അഭിഭാഷകൻ നിലേഷ് ഓജ വ്യക്തമാക്കി. കേസിൽ സിബിഐ തനിക്ക് ക്ളീൻ ചിറ്റ് നൽകിയതായി ആദിത്യ നൽകിയ സത്യവാങ്‌മൂലത്തിൽ പറയുന്നത് കളവാണെന്നും അഭിഭാഷകൻ പറഞ്ഞു.
അതേസമയം, തന്നെ അപകീർത്തിപ്പെടുത്താനുള്ള ബിജെപി സർക്കാരിന്റെ ശ്രമമാണിതെന്നും കോടതിയിൽ കേസുമായി മുന്നോട്ട് പോകുമെന്നും ആദിത്യ താക്കറെ വ്യക്തമാക്കി. ഔറംഗസേബ് വിഷയം മഹാരാഷ്ട്രയിൽ കൊടുമ്പിരിക്കൊള്ളുന്ന സമയത്താണ് ഹർജി ഫയൽ ചെയ്തിരിക്കുന്നതെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് ചൂണ്ടിക്കാട്ടി. താക്കറെ കുടുംബത്തെ അപകീർത്തിപ്പെടുത്താനുള്ള നിരന്തര ശ്രമത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |