റായ്‌പൂർ : ഛത്തിസ്ഗഢിൽ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാസേന 30 മാവോയിസ്റ്റുകളെ വധിച്ചു. ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ വീരമൃത്യു വരിച്ചു. ബിജാപ്പൂർ ദന്തേവാഡ ജില്ലാ അതിർത്തിയിലും കാങ്കറിലുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ഇന്ന് രാവിലെ ഏഴു മണി മുതലാണ് ബിജാപ്പൂർ ജില്ലാ അതിർത്തിയിൽ മാവോയിസ്റ്റുകളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ ആരംഭിച്ചത്. തെരച്ചിലിന് ഇറങ്ങിയ സുരക്ഷാ സംഘത്തിന് നേരെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു. ശക്തമായി തിരിച്ചടിച്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ബിജാപ്പൂരിൽ മാത്രം 26 മാവോയിസ്റ്റുകളെ വധിച്ചു. കാങ്കറിൽ നടന്ന ഏറ്റുമുട്ടലിൽ നാലു മാവോയിസ്റ്റുകളും കൊല്ലപ്പെട്ടു.
മാവോയിസ്റ്റുകളിൽ നിന്ന് ആയുധ ശേഖരം കണ്ടെടുത്തതായും സുരക്ഷാസേന അറിയിച്ചു. രണ്ടിടങ്ങളിൽ നിന്നായി എ.കെ. 47നും സെമി ഓട്ടോമാറ്റിക് റൈഫിളുകളും അടക്കമുള്ള ആയുധങ്ങളാണ് കണ്ടെടുത്തത്. മാവോയിസ്റ്റുകൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ഛത്തിസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞു. ദൗത്യത്തിന്റെ ഭാഗമായ എല്ലാവരെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചു. കീഴടങ്ങാൻ അവസരം നൽകിയിട്ടും തയ്യാറാകാത്ത മാവോയിസ്റ്റുകൾക്കെതിരെ കർശന നടപടി തുടരുമെന്നും അമിത് ഷാ അറിയിച്ചു. ഛത്തീസ്‌ഗഡിൽ ഫെബ്രുവരിയിൽ നടന്ന ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിരുന്നു. 2026 മാർച്ചോടുകൂടി സംസ്ഥാനത്തെ മാവോയിസ്റ്റ് സാന്നിദ്ധ്യം പൂർണമായി തുടച്ചുനീക്കുമെന്ന് നേരത്തെ അമിത് ഷാ പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |