നിയമസഭയിൽ രണ്ടു പതിറ്റാണ്ടിലേറെക്കാലത്തെ പഴക്കമുള്ള കോവൂർ കുഞ്ഞുമോന്റെ ഇപ്പോഴത്തെ ഇരിപ്പ് ട്രഷറി ബെഞ്ചിലാണെങ്കിലും അടുപ്പക്കാരേറെ പ്രതിപക്ഷ ബെഞ്ചിലാണ്. ഇരുമെയ്യാണെങ്കിലും മനമൊന്ന് എന്നതൊക്കെ ശരി, പക്ഷെ നിയമസഭയിലെ നിലപാടുകളിൽ രാഷ്ട്രീയ കൃത്യതയുണ്ടാവും. വി.ഡി. സതീശൻ, എ.പി. അനിൽകുമാർ, കെ.ബി. ഗണേഷ് കുമാർ, മഞ്ഞളാംകുഴി അലി തുടങ്ങിയവർക്കൊപ്പം യുവതയുടെ ആവേശമായി നിയമസഭയിലേക്ക് 24 വർഷം മുമ്പ് കാലെടുത്തു വച്ച ഓർമ്മകൾ ഇന്നലെ ധനാഭ്യർത്ഥന ചർച്ചയിൽ കുഞ്ഞുമോൻ അയവിറക്കി. ചുരുങ്ങിയ സമയമാണ് മിക്കപ്പോഴും അദ്ദേഹത്തിന് സഭയിൽ പ്രസംഗിക്കാൻ കിട്ടുക. പക്ഷെ ഇന്നലെ കിട്ടിയ പത്തു മിനിട്ടും പോരാതെ വന്നു! കാരണം, എത്ര വകുപ്പുകളുടെ കാര്യം പറയണം!
സാമ്പത്തിക പ്രതിസന്ധിക്കിടയിലും പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്ക് താങ്ങും തണലുമാണ് ഈ സർക്കാരെന്ന് കുഞ്ഞുമോൻ തറപ്പിച്ചു പറഞ്ഞു. നേരത്തേ മന്ത്രി കെ. രാധാകൃഷ്ണനും ഇപ്പോഴത്തെ മന്ത്രി ഒ.ആർ. കേളുവും നല്ല നിലയിൽത്തന്നെ വകുപ്പ് കൊണ്ടുപോകുന്നുവെന്നതിൽ കുഞ്ഞുമോന് രണ്ടുപക്ഷമില്ല. ഈ വിഭാഗത്തിൽ നിന്നുള്ള എത്ര പൈലറ്രുമാരാണ് ഇപ്പോൾ വിമാനം പറത്തി നടക്കുന്നത്. എ.പി. അനിൽകുമാറും മന്ത്രിയായിരുന്നപ്പോൾ കാര്യക്ഷമമായി പ്രവർത്തിച്ചു. പറഞ്ഞത് കൂടിപ്പോയോ എന്ന് സംശയിച്ചിട്ടാവും, എല്ലാ ഫണ്ടും അദ്ദേഹം ഉപയോഗിച്ചു എന്നുകൂടി കുഞ്ഞുമോൻ കൂട്ടിച്ചേർത്തു. എല്ലാവരുമായും സഹോദര ബന്ധം ഊട്ടിയുറപ്പിക്കുന്ന ആളാണ് താനെന്ന് കൂടി പറഞ്ഞിട്ടാണ് യൗവനകാല സഭാപ്രവേശം ഓർത്തെടുത്തത്.
എസ്.സി പ്രോമോട്ടർ സർവെയുടെ ധർമ്മസങ്കടവും അദ്ദേഹം നിരത്തി. ഒരു വീട്ടിൽ ചെന്ന് 287 ചോദ്യങ്ങൾ ചോദിച്ച് ഉത്തരം രേഖപ്പെടുത്താൻ കിട്ടുന്ന പ്രതിഫലം 10 രൂപ. ചോദ്യങ്ങളുടെ എണ്ണമെങ്കിലും കുറയ്ക്കണമെന്നൊരു അപേക്ഷയും. ഈഴവരും പട്ടികജാതി , പിന്നാക്ക വിഭാഗങ്ങളുമെല്ലാം ക്ഷേത്രങ്ങളിൽ പൂജ നടത്തുന്നത് ഇടതുപക്ഷ സർക്കാർ ഉള്ളതു കൊണ്ടാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. അമ്പലങ്ങളുടെ അകത്തളങ്ങളിൽ ഏതു വിഗ്രഹമാണെങ്കിലും പൂജ നടത്താമെന്നും കുഞ്ഞുമോൻ ചൂണ്ടിക്കാട്ടി.
എന്നാൽ പട്ടികജാതി, പട്ടികവർഗ മൈനോറിറ്റി പദ്ധതികൾ ആകെ അവതാളത്തിലാണെന്നാണ് ലീഗ് അംഗം എൻ. ഷംസുദ്ദീന്റെ അഭിപ്രായം. പട്ടിക വർഗക്കാർക്കുള്ള ജനനി ജന്മരക്ഷ, വിദ്യാവാഹിനി, കമ്യൂണിറ്റി കിച്ചൺ, സേഫ് പദ്ധതികളെല്ലാം മുടങ്ങി. പട്ടികജാതി യുവതികൾക്കുള്ള വിവാഹ ധനസഹായം, വാത്സല്യനിധി പദ്ധതികളുടെ ആനുകൂല്യം മൂന്നു വർഷമായി മുടങ്ങി. ജൽജീവൻ പദ്ധതി പ്രകാരം നാടെങ്ങും ടാപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതിലൂടെ എന്ന് വെള്ളം വരുമെന്നതാണ് ഷംസുദ്ദീന്റെ മറ്റൊരു സംശയം. മുഖ്യമന്ത്രി, കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമനെ എന്തിനാണ് കണ്ടതെന്ന് ഇനിയും വെളിപ്പെടുത്തിയിട്ടില്ല. തൃശൂരിലെ പൂരം കലക്കലിന്റെയും ഇ.പി. ജയരാജന്റെ വീട്ടിൽ പ്രകാശ് ജാവ്‌ദേക്കർ സന്ദർശനം നടത്തിയതിന്റെയുമൊക്കെ തുടർച്ചയാണ് ഇതെന്നും ഷംസുദ്ദീൻ പറഞ്ഞു.
ജലവിഭവ വകുപ്പിന്റെ ധനാഭ്യർത്ഥനയിലേക്ക് കേരളകോൺഗ്രസ് അംഗം പ്രമോദ് നാരായൺ പ്രവേശിച്ചത് കാവ്യഭംഗി തുളുമ്പുന്ന വാക്യങ്ങളിലൂടെയാണ്. 'എല്ലാ പുഴയും ഗംഗയാണ്, എല്ലാ ചോലകളിലും പുലരുന്നത് ജോർദ്ദാൻ അരുവിയുടെ കാരുണ്യമാണ്, എല്ലാ നീർച്ചാലുകളിലും അലിയുന്നത് സംസമിന്റെ പുണ്യമാണ്..." അങ്ങനെ തുടങ്ങിയ പ്രമോദ് പിന്നെ നേരേ പോയത് ടി.എസ്. എലിയറ്റിന്റെ കവിതയിലേക്കാണ്. ഏപ്രിൽ മാസത്തിൽ ഉഷ്ണം പുരണ്ടൊരു കുശലമുണ്ട്, ഹോ എന്തൊരു ചൂട്! കുടിവെള്ള വിതരണത്തിൽ ജലവിഭവ വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളെ പ്രകീർത്തിക്കാനായിരുന്നു എലിയറ്റിനെ വരെ കൂട്ടുപിടിച്ചത്. വരാനിരിക്കുന്ന കാലത്ത് യുദ്ധങ്ങൾക്കു പോലും കാരണമാവുന്ന അമൂല്യവസ്തുവാണ് ജലം എന്നും അദ്ദേഹം സാഹിത്യഭംഗിയോടെ വിശദീകരിച്ചു.
കേരള കോൺഗ്രസ് മാണി വിഭാഗക്കാരനായ പ്രമോദ് നാരായൺ ടി.എസ് എലിയറ്റിനെ പിടിച്ചത് ജോസഫ് വിഭാഗക്കാരനായ മോൻസ് ജോസഫിന് അത്ര പിടിച്ചില്ല. താൻ എലിയറ്റിനെ ഒന്നും പിടിക്കുന്നില്ലെന്നും ഗ്രാമീണ മേഖലയുടെ കാര്യങ്ങളാണ് പറയുന്നതെന്നും മോൻസ് വിശദമാക്കി. നെല്ലു സംഭരണത്തിൽ സർക്കാരിന്റെ ഫലപ്രദമായ ഇടപെടൽ ഇല്ലാത്തതുമൂലം കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും കൊയ്തെടുത്ത നെല്ല് നശിക്കുന്നതാണ് മോൻസ് ഉന്നയിച്ചത്. സഭയിൽ കൊണ്ടുവരാൻ അനുവാദമില്ലാത്തതിനാലാണ്, അല്ലെങ്കിൽ മുളച്ച നെല്ലും കിളിർത്ത നെല്ലും താൻ കൊണ്ടുവരുമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കർഷകരെ ചൂഷണം ചെയ്യുന്ന മില്ലുടമകളെ വരച്ച വരയിൽ നിറുത്താൻ സർക്കാർ തയ്യാറാവണമെന്നും മോൻസ് ജോസഫ് പറഞ്ഞു.
ജോസഫ് മുണ്ടശ്ശേരിയുടെയും എ.പി.ജെ അബ്ദുൾകലാമിന്റെയും മദർ തെരേസയുടെയും പേരിൽ വിദ്യാർത്ഥികൾക്ക് നൽകിവരുന്ന സ്കോളർഷിപ്പ് വെട്ടിക്കുറയ്ക്കുക വഴി ഈ മഹദ് വ്യക്തികളെ ആക്ഷേപിക്കരുതെന്നായിരുന്നു കോൺഗ്രസ് അംഗം റോജി എം. ജോണിന്റെ അഭ്യർത്ഥന. പ്രതിപക്ഷം തൊടുത്തുവിടുന്ന കള്ളങ്ങളിൽ കുലുങ്ങാതെ നിൽക്കുന്ന നിയമസഭാ മന്ദിരത്തെ വന്ദിക്കണമെന്ന് അഭിപ്രായപ്പെട്ട സി.പി.എം അംഗം കെ.ഡി. പ്രസേനന്റെ വാക്കുകൾ ഇങ്ങനെ: ' നിയമസഭാ മന്ദിരമേ, നിനക്ക് വന്ദനം!"
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |