കോഴിക്കോട്: പുതുപ്പാടി പഞ്ചായത്തിൽ യുവാക്കൾ ലഹരിക്ക് അടിമപ്പെട്ടാൽ ഇനി പെണ്ണു കിട്ടില്ല. വിവാഹങ്ങൾക്ക് നൽകിവരുന്ന സ്വഭാവ സർട്ടിഫിക്കറ്റ് ഇത്തരക്കാർക്ക് നൽകില്ലെന്ന് മഹല്ല് കമ്മിറ്റികളുടെ സംയുക്തയോഗം തീരുമാനിച്ചു. താമരശ്ശേരി, പുതുപ്പാടി മേഖലയിൽ ലഹരി കേസുകളും കൊലപാതകം ഉൾപ്പെടെ കുറ്റകൃത്യങ്ങളും വർദ്ധിച്ച സാഹചര്യത്തിലാണിത്. ഒരു മാസത്തിനിടെ രണ്ടുപേരാണ് പ്രദേശത്ത് കൊല്ലപ്പെട്ടത്.
പഞ്ചായത്തിലെ ഇരുവിഭാഗം സമസ്ത മഹല്ലുകളും മുജാഹിദ്, ജമാഅത്ത് മഹല്ല് ഭാരവാഹികളും പങ്കെടുത്തു. അപകടങ്ങൾ വരുത്തിവയ്ക്കാവുന്ന സൗഹൃദങ്ങളിൽ ചെന്നുപെടാതിരിക്കാൻ പെൺകുട്ടികളെയും ലഹരിക്കുറ്റങ്ങളിൽ പെടാതിരിക്കാൻ യുവാക്കളെയും തുടർച്ചയായി ബോധവത്കരിക്കും. രക്ഷാകർത്താക്കൾക്കും പ്രത്യേക പരിശീലനം നൽകും. വിദഗ്ദ്ധർ ക്ളാസുകളെടുക്കും. പുതിയ കാലത്തിനൊത്ത് കുട്ടികളെ മനസിലാക്കുന്നതിനും വളർത്തുന്നതിനും മാർഗനിർദ്ദേശം നൽകും. മഹല്ലിലെ ഓരോ വീടും നിരീക്ഷിച്ച് പ്രശ്നമുണ്ടെങ്കിൽ ഉടൻ ഇടപെടും. മഹല്ലുകളിൽ ലഹരിവിരുദ്ധ സംയുക്ത കൂട്ടായ്മയും യുവാക്കളുടെ കൂട്ടായ്മയുമുണ്ടാക്കും. രാത്രികാലങ്ങളിലെ യുവാക്കളുടെ ഒത്തുചേരലുകളും വീടുകളിൽ വെെകിയെത്തുന്നതും തടയാൻ രക്ഷകർതൃ കൂട്ടായ്മയും രൂപീകരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |