തിരുവനന്തപുരം: ആശാവർക്കർമാരുടെ ഓണറേറിയവും മറ്റ് ആനുകൂല്യങ്ങളും കേന്ദ്ര സർക്കാർ വർദ്ധിപ്പിക്കുന്നതിനനുസരിച്ചു സംസ്ഥാന സർക്കാരും ഉചിതമായ തീരുമാനമെടുക്കുമെന്ന് എൽ.ഡി.എഫ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ.
സമരത്തോടു സർക്കാരിനു വിദ്വേഷമില്ല. എന്നാൽ ആശാവർക്കർമാരുടെ സമരം രാഷ്ട്രീയ എതിരാളികൾ സർക്കാരിനെതിരെ ഉപയോഗിക്കുകയാണ്. ഇതിൽ വർഗീയ സംഘടനകളും ഇടപെടുന്നുണ്ട്. ഇങ്ങനെയൊരു സമര നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി.
ഇതിനുപിന്നാലെയാണ് അങ്കണവാടി ജീവനക്കാരും രംഗത്തു വന്നിട്ടുള്ളത്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയും ഇക്കാര്യത്തിൽ പരിഗണിക്കേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമരം അവസാനിപ്പിക്കാൻ സർക്കാർ അവരുമായി ചർച്ച നടത്തണമെന്ന് ഇന്നലെ വൈകിട്ട് ചേർന്ന യോഗത്തിൽ ആർ.ജെ.ഡി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അടിയന്തരമായി ഇടപെട്ട് സമരം തീർക്കണമെന്നും ആർ.ജെ.ഡി നേതാക്കൾ പറഞ്ഞു. സമരം എത്രയുംവേഗം ഒത്തുതീർപ്പാക്കണമന്ന വികാരമാണ് മിക്ക ഘടകകക്ഷികളും യോഗത്തിൽ പങ്കുവച്ചത്. ഏപ്രിൽ 21 മുതൽ മേയ് 21 വരെ നടക്കുന്ന സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.
സതീശന്റെ നേതൃത്വത്തിൽ പ്രതിപക്ഷ പ്രകടനം
സർക്കാരിന് പിടിവാശി എന്തിന്,ആശാ വർക്കർമാർ അനാഥരാവില്ല തുടങ്ങിയ വാചകങ്ങളെഴുതിയ പ്ലക്കാർഡുകളുമായി പ്രതിപക്ഷ എം.എൽ.എമാർ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ നിരാഹാരപ്പന്തലിലേക്ക് പ്രകടനം നടത്തി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്.
ആശമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് തങ്ങൾ സഭാനടപടികൾ ബഹിഷ്കരിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയെ താൻ നേരിട്ട് കണ്ടിട്ടും അനുഭാവപൂർവമായ നിലപാട് സ്വീകരിക്കാൻ തയ്യാറായിട്ടില്ല. അവകാശങ്ങൾ നേടിയെടുക്കാൻ പ്രതിപക്ഷ എം.പിമാരും എം.എൽ.എമാരും ഒറ്റക്കെട്ടായി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആശാസമരം തീർക്കാത്തതിൽ സി.പി.ഐക്ക് നീരസം
ആശാവർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കാത്തതിൽ സി.പി.ഐ എക്സിക്യൂട്ടീവ് യോഗത്തിൽ കടുത്ത വിമർശനമുണ്ടായി. സമരം ഇടതുമുന്നണിയേയും സർക്കാരിനേയും ദോഷകരമായി ബാധിക്കുമെന്നും എത്രയുംവേഗം ഒത്തുതീർപ്പാക്കാൻ പാർട്ടി ശക്തമായി ഇടപെടണമെന്നും യോഗത്തിൽ നേതാക്കൾ പറഞ്ഞു. ഇടതുപക്ഷം സംസ്ഥാനം ഭരിക്കുമ്പോൾ സ്ത്രീകൾ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്നതു നാണക്കേടാണെന്നും നേതാക്കൾ പറഞ്ഞു.
മുഖ്യമന്ത്രി ധാർഷ്ഠ്യം അവസാനിപ്പിക്കണം: ചെന്നിത്തല
ആശാവർക്കർമാരുടെ വിഷയത്തിൽ മുഖ്യമന്ത്രി ധാർഷ്ഠ്യം അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഒരുരൂപ പോലും കൂട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാശിയാണ് സമരം നീളാൻ കാരണം. നീതി ലഭിക്കുംവരെ ആശാവർക്കർമാർക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |